ബിഎല്‍ഒമാരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷന്; പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ കര്‍ശന നടപടി; മുന്നറിയിപ്പുമായി രത്തന്‍ കേല്‍ക്കര്‍
ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ഭാരതീയ ന്യായ് സംഹിതയുടെ 121ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേല്‍ക്കര്‍;
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ ബൂത്ത് ലവല്‍ ഓഫിസര്‍മാരുടെ അമിത ജോലി ഭാരം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളും നടന്നുവരുന്നു. ജോലി സമ്മര്‍ദ്ദം കാരണം കണ്ണൂരില്‍ ഒരു ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവവും കാസര്‍കോട്ട് ബിഎല്‍ഒ കുഴഞ്ഞുവീണ സംഭവവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് ബിഎല്‍ഒ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍ രംഗത്തെത്തിയത്. ബിഎല്‍ ഒ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഎല്‍ഒ ആയി നിയമിക്കപ്പെട്ടവരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമായിരിക്കുമെന്നും ഭരണഘടന അനുസരിച്ചാണ് അവരുടെ നിയമനമെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പ്രതികരണം. ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ മുന്നറിയിപ്പുനല്‍കി. പല ജില്ലകളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. നന്നായി പ്രവര്‍ത്തിക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരെ വ്യാജവാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും രത്തന്‍ കേല്‍ക്കല്‍ പറഞ്ഞു.
ബിഎല്‍ഒമാര്‍ക്ക് ജോലിക്കിടെ തടസ്സം നേരിടുകയാണെങ്കില്‍ പൊലീസിന്റെ സഹായംലഭ്യമാക്കണം. അവരെ ജനസേവകരായിക്കണ്ട് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വളരെ പ്രാധാന്യമുള്ള ചുമതല നിര്‍വഹിക്കുന്ന ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ഭാരതീയ ന്യായ് സംഹിതയുടെ 121ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു.
10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും. ബിഎല്‍ഒമാരെ പൊലീസ് സഹായിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. 97 ശതമാനത്തിലധികം എന്യൂമറേഷന്‍ ഫോമുകളും വിതരണം ചെയ്തുകഴിഞ്ഞു. 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.
നിലവിലെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും ഭരണഘടനാ വിധികള്‍ക്കും അനുസരിച്ച് മാത്രമാണ് വോട്ടര്‍പട്ടിക തീവ്രപരിശോധന നടക്കുന്നത്. ഇതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വിട്ടുവീഴ്ചയില്ല. കമ്മിഷനെ സംബന്ധിച്ച്, ബിഎല്‍ഒ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് ഇവരാണ്.
ബിഎല്‍ഒമാര്‍ക്ക് മേലുള്ള എല്ലാ ഉത്തരവാദിത്വവും തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമായിരിക്കും. അവരുടെ പ്രവര്‍ത്തനഫലമായാണ് സംസ്ഥാനത്തെ എസ്.ഐ.ആര്‍ നടപടികള്‍ നല്ലൊരു ശതമാനം പൂര്‍ത്തിയാക്കാനായതെന്നും ഖേല്‍ക്കര്‍ പറഞ്ഞു.
എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ നാമനിര്‍ദേശം ചെയ്ത ബൂത്ത് ലവല്‍ ഏജന്റുമാരുടെ യോഗം വിളിച്ചു ചേര്‍ക്കാനും ബിഎഒമാര്‍ക്ക് കേല്‍ക്കര്‍ നിര്‍ദേശം നല്‍കി. പ്രവര്‍ത്തനങ്ങളില്‍ പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഭാവിയില്‍ പരാതികള്‍ ഉണ്ടാവാതിരിക്കുന്നതിനുമാണ് നടപടി. യോഗങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സജീവമായി പങ്കെടുക്കണമെന്ന് രത്തന്‍ കേല്‍ക്കര്‍ അഭ്യര്‍ഥിച്ചു. ബിഎല്‍ഒമാര്‍ക്ക് വോട്ടറുടെ സാന്നിധ്യമോ താമസസ്ഥലമോ പരിശോധിച്ച് ഉറപ്പിക്കാന്‍ കഴിയാത്ത വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഫോമുകളുടെ ആകെ എണ്ണം ഇപ്പോള്‍ 51,085 ആണെന്നും ഈ എണ്ണം വര്‍ധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.
പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം ശേഖരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബൂത്ത് ലവല്‍ ഏജന്റുമാരുടെ (ബിഎല്‍എ) സഹായം തേടാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നു. ഫോം നല്‍കിയ ബൂത്ത് ലവല്‍ ഓഫിസര്‍മാര്‍ (ബിഎല്‍ഒ) തന്നെ അവ ശേഖരിക്കണമെന്ന നിലപാടിലായിരുന്നു കമ്മിഷന്‍ ഇതുവരെ. ബിഎല്‍എമാര്‍ക്ക് ദിവസം പരമാവധി 50 ഫോം വീതം ശേഖരിച്ച് ബിഎല്‍ഒമാരെ എല്‍പിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചിട്ടുണ്ട്. കണ്ണൂരില്‍ ബിഎല്‍ഒ ജീവനൊടുക്കിയതും തുടര്‍ന്നുള്ള പ്രതിഷേധവുമാണ് പുതിയ തീരുമാനത്തിനു കാരണം.
ഫോമുകള്‍ ശേഖരിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കലക്ടര്‍മാരുടെ അറിവോടെ ഹെല്‍പ് ഡെസ്‌ക് തുടങ്ങാം. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്ന ഡിസംബര്‍ 9നു ശേഷം പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പുതിയ അപേക്ഷകളും ദിവസം പത്തെണ്ണം വരെ സ്വീകരിക്കാം. ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ എല്‍ഡിഎഫും യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്.