തപാല്‍ വോട്ടുകള്‍ തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍; ജി.സുധാകരനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
അമ്പലപ്പുഴ തഹസില്‍ദാര്‍ കെ അന്‍വറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മുന്‍ മന്ത്രിയുടെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു;
തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തലില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍.
തപാല്‍ വോട്ടില്‍ കൃത്രിമത്വം വരുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുവാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ സുധാകരനെതിരെ കേസ് എടുക്കാനും വിശദമായ അന്വേഷണം നടത്താനും വേണ്ട അടിയന്തര നടപടി സ്വീകരിക്കാന്‍ ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് അമ്പലപ്പുഴ തഹസില്‍ദാര്‍ കെ അന്‍വറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ജി സുധാകരന്റെ മൊഴിയെടുത്തത്. മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോര്‍ട് ജില്ലാ കലക്ടര്‍ക്ക് നല്‍കുമെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി. പറയാനുള്ള കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുപ്പിനുശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അത്യന്തം ഗൗരവമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാണുന്നുവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തല്‍ വരുത്തി എന്നത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 136, 128 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍, 1961 ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങള്‍, ഭാരതീയ ന്യായ സംഹിത എന്നിവ അനുസരിച്ച് ഗുരുതരമായ നിയമലംഘനമാണെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടി.
1989ല്‍ ആലപ്പുഴ ലോക് സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് തപാല്‍ വോട്ടില്‍ കൃത്രിമത്വം കാണിച്ചതായി വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായാണ് രാജ്യത്ത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് വിധേയമായാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതെന്നും ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നും ഈ സംഭവത്തില്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി.സുധാകരന്‍ പറഞ്ഞിരുന്നു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണ് താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് 36 വര്‍ഷം മുന്‍പ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റിയുള്ള സുധാകരന്റെ വെളിപ്പെടുത്തല്‍.
സുധാകരന്റെ വാക്കുകള്‍:
സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെ.എസ്.ടി.എയുടെ നേതാവായിരുന്ന കെ.വി.ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15% ദേവദാസിന് എതിരായിരുന്നു.
89 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് സുധാകരന്റെ പരാമര്‍ശം. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വക്കം അന്നു വിജയിച്ചത്.