സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഉടമയ്‌ക്കെതിരെ നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്;
കോഴിക്കോട്: സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ഉടമയ്‌ക്കെതിരെ നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തില്‍ ഇടപെട്ട മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമയോട് അടുത്തദിവസം ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ഭയാനകമായ സംഭവം അരങ്ങേറിയത്. തലനാരിഴക്കാണ് വിദ്യാര്‍ത്ഥികള്‍ കാറിടിക്കാതെ രക്ഷപ്പെട്ടത്. കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ കാര്‍ പല വട്ടം കുട്ടികള്‍ക്ക് നേരെ പാഞ്ഞടുത്തു. കുട്ടികള്‍ ഓടി മാറിയതിനാല്‍ മാത്രമാണ് അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടത്.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാര്‍ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍ കാര്‍ പേരാമ്പ്ര പൈതോത്ത് സ്വദേശിയുടേതാണെന്ന് കണ്ടെത്തി. കാര്‍ ഹാജരാക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടതായി പേരാമ്പ്ര പൊലീസ് അറിയിച്ചു