വീണ്ടും ചുവന്ന് ചേലക്കര; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപിന് വിജയം
12,201 വോട്ടുകളുടെ ഭൂരിപക്ഷം;
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയെ വീണ്ടും ചേര്‍ത്തുപിടിച്ച് എല്‍.ഡി.എഫ് . 12,201 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.ആര്‍ പ്രദീപ് വിജയിച്ചു. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ ഒരു ഘട്ടത്തിലും പിന്നോട്ട് പോകാതെ കൃത്യമായ ലീഡ് പിന്തുടര്‍ന്നാണ് യു.ആര്‍ പ്രദീപിന്റെ ജയം. 64827 വോട്ടുകള്‍ എല്‍.ഡി.എഫ് നേടി. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചരണം നയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പാട്ടില്‍ ചേലക്കര വീണില്ല. 52626 വോട്ടുകളാണ് രമ്യ നേടിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ 33,609 വോട്ടുകളാണ് പെട്ടിയിലാക്കിയത്. ചേലക്കരയിലെ ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന പറഞ്ഞ ഇടത് ക്യാമ്പുകള്‍ ആശ്വാസത്തിലാണ്. 2026 നിയമസഭാതിരഞ്ഞെടുപ്പിലെ തുടര്‍ഭരണത്തിന്റെ സൂചനയാണ് ചേലക്കരയിലെ വിജയമെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍.
നേരത്തെ 2016 മുതല്‍ 2021 വരെ ചേലക്കര എംഎല്‍എ ആയിരുന്നു യു.ആര്‍. പ്രദീപ്. 2000-2005 കാലഘട്ടത്തില്‍ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായി. 2015ല്‍ വീണ്ടും ദേശമംഗലം പഞ്ചായത്ത് അംഗമായി. 2022 മുതല്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ്.