കോട്ടയത്തെ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് പൊലീസ്; കൊലയാളി അകത്ത് കയറിയത് പിന്നിലെ വാതില്‍ അമ്മിക്കല്ല് കൊണ്ട് തകര്‍ത്ത്

മകന്റെ അസ്വാഭാവിക മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് 2 മാസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെടുന്നത്.;

Update: 2025-04-22 08:14 GMT

കോട്ടയം: തിരുവാതുക്കലില്‍ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. കോട്ടയം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ദമ്പതികളെ ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച കോടാലി വീട്ടില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊല്ലപ്പെട്ട രണ്ടു പേരുടെയും ശരീരത്തിലെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളില്‍ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നിട്ടില്ല.

കൊലപാതകം നടത്തിയ പ്രതി വീട്ടിനുള്ളില്‍ പ്രവേശിച്ചത് പിന്നിലെ വാതില്‍ അമ്മിക്കല്ല് കൊണ്ട് തകര്‍ത്താണെന്ന് പൊലീസ് കണ്ടെത്തി. ആദ്യം വിജയകുമാറിനെയാണ് കോടാലി ഉപയോഗിച്ച് പ്രതി വെട്ടിയത്. വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മീരയെ പിന്നാലെ കൊലപ്പെടുത്തി. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടെത്തിയത്.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റേയും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്‍. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വീടിനുള്ളിലും പരിസരത്തും പൊലീസ് പരിശോധിച്ചുവരുകയാണ്. ജോലിക്കാരി നല്‍കിയ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് കുരുതുന്നതെന്നും സ്ഥിരീകരിക്കാന്‍ കുറച്ച് കൂടി സമയം വേണമെന്നും പൊലീസ് പ്രതികരിച്ചു.

മകന്‍ അസ്വാഭാവിക രീതിയില്‍ മരിച്ച വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെട്ടത്. 8 വര്‍ഷം മുമ്പ് മകന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവിട്ട് 2 മാസങ്ങള്‍ക്കുള്ളില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

2017 ജൂണ്‍ മാസത്തിലാണ് വിജയകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണകുമാറിനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് 28 വയസായിരുന്നു ഗൗതമിന്റെ പ്രായം. കാരിത്താസ് റെയില്‍വേ ഗേറ്റിന് സമീപമാണ് ഗൗതമിന്റെ മൃതദേഹം കണ്ടത്. ഗൗതമിന്റെ കാര്‍ കാരിത്താസ് ജംക്ഷനും അമ്മഞ്ചേരിക്കും ഇടയിലുള്ള റോഡില്‍ പാര്‍ക്ക് ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു.

ഗൗതമിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവും കാറില്‍ രക്തപ്പാടുകളും ഉണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കാറില്‍ ഉണ്ടായിരുന്നതിനാല്‍ മോഷണത്തിന് വേണ്ടിയുള്ള കൊലപാതകം ആകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരുന്നു. മരണം ആത്മഹത്യയെന്ന് എഴുതിത്തള്ളുന്നതിനെതിരെ വിജയകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഗൗതമിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ പിഴവുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.

Similar News