കന്യാസ്ത്രീ വേഷത്തിലെത്തി സംസ്ഥാന ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണ മെഡല്‍ നേടി കാസര്‍കോട് സ്വദേശിയായ സബീന
സ്‌പോട്‌സ് വേഷത്തില്‍ എത്തി മത്സരിച്ചവരെയെല്ലാം പിന്തള്ളി കൊണ്ട് അതിവേഗമാണ് സബീന കുതിച്ചത്;
വയനാട് : കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണ മെഡല്‍ നേടി കാസര്‍കോട് സ്വദേശിനിയായ കന്യാസ്ത്രീ. മാനന്തവാടിയിലെ ദ്വാരക എ.യു.പി സ്‌കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപികയായ സിസ്റ്റര്‍ സബീന(55) യാണ് ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയത്. നഗ്‌നപാദയായും മതപരമായ ആചാരങ്ങള്‍ പാലിച്ചുമാണ് സിസ്റ്റര്‍ സബീന മത്സരിച്ചത്. ദൃഢനിശ്ചയത്തോടെയുള്ള സബീനയുടെ പ്രകടനം വ്യാപകമായ പ്രശംസ നേടി.
സ്‌പോട്‌സ് വേഷത്തില്‍ എത്തി മത്സരിച്ചവരെയെല്ലാം പിന്തള്ളി കൊണ്ട് അതിവേഗമാണ് സബീന കുതിച്ചത്. പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ച വച്ച സബീന ഒടുവില്‍ വിജയം നോടുകയും ചെയ്തു. 55 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലായിരുന്നു സബീന മത്സരിച്ചത്. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ ഹര്‍ഡില്‍സില്‍ ദേശീയ മത്സരത്തിലും മറ്റും പങ്കെടുത്തിരുന്നുവെന്ന് സബീന പറയുന്നു. കോളജ് പഠന കാലത്തും ഇന്റര്‍വേഴ്‌സിറ്റി മത്സരങ്ങളിലടക്കം അമ്പരപ്പിക്കുന്ന പ്രകടം കാഴ്ചവയ്ക്കാറുണ്ടായിരുന്നു. അധ്യാപികയായതില്‍ പിന്നെ ഇത് ആദ്യമായാണ് മത്സരിക്കുന്നത്. അതില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
കാസര്‍കോട് സ്വദേശിയായ സിസ്റ്റര്‍ സബീന 1990 കളില്‍ വയനാട്ടിലേക്ക് താമസം മാറി, അന്നുമുതല്‍ അവിടെ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കാന്‍ പോകുകയാണ്. വിരമിക്കുന്നതിന് മുമ്പുള്ള തന്റെ അവസാന മത്സരമാണിതെന്ന് അവര്‍ പറഞ്ഞു.
കന്യാസ്ത്രീ വേഷത്തില്‍ സിസ്റ്റര്‍ സബീന മനോഹരമായി ഹര്‍ഡില്‍സിന് മുകളിലൂടെ ചാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെ നിരവധി പേര്‍ അവരുടെ നേട്ടത്തെ പ്രശംസിച്ചു. 'ഇച്ഛാശക്തിയുടെ പ്രതീകമാണ്' ഈ വിജയം എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.