ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍: പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു

Update: 2025-03-13 07:59 GMT

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. ആയിരങ്ങളാണ് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയത്. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ വിവിധ സ്ഥലങ്ങളിലും അടുപ്പുകള്‍ നിരന്നിട്ടുണ്ട്.

പൊങ്കാല അടുപ്പുകളില്‍ തീ പകര്‍ന്നതോടെ അക്ഷരാര്‍ഥത്തില്‍ യാഗശാലയായി അനന്തപുരി. ശുദ്ധപുണ്യാഹത്തിന് ശേഷം തന്ത്രി പരമേശ്വര്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി മുരളീധരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് പകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

തുടര്‍ന്ന് പ്രസ്തുത ദീപത്തില്‍ നിന്ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലേക്ക് പകര്‍ന്നു. പിന്നാലെ തലസ്ഥാന നഗരിയില്‍ അണിനിരന്ന ലക്ഷോപലക്ഷം വനിതാ ഭക്തര്‍ ആറ്റുകാലമ്മയ്ക്കുള്ള സ്തുതികള്‍ ഉരുക്കഴിച്ചുകൊണ്ട് തങ്ങളുടെ അടുപ്പുകളിലും തീ പകര്‍ന്നു. ഒരുവര്‍ഷക്കാലത്തിന്റെ കാത്തിരിപ്പിനൊടുവില്‍ അമ്മയ്ക്ക് നിവേദ്യമര്‍പ്പിച്ച് തൊഴുതുമടങ്ങുകയെന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായി നിമിഷങ്ങളെണ്ണുകയാണ് ഭക്തര്‍.

ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍ കുത്തും. വെള്ളിയാഴ്ച രാത്രി ഒരുമണിക്ക് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും. ഇത്തവണ തലസ്ഥാന നഗരിയില്‍ പൊങ്കാല സമര്‍പ്പണത്തിന് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ തിരക്കാണ്.

ബുധനാഴ്ച വൈകിട്ട് ദേവീദര്‍ശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 10.15 മണിക്കായിരുന്നു അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം സമര്‍പ്പിക്കുക. ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും പൊങ്കലയര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം, സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകള്‍ പാകിയ ഭാഗത്ത് അടുപ്പുകള്‍ കൂട്ടരുതെന്ന് നഗരസഭ ഭക്തരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൊടുംവേനല്‍ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്. ഹരിതചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ബുധനാഴ്ച ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് കുടിവെള്ളവും അന്നദാനവും വിതരണം നടത്തുന്നിടത്ത് ആരോഗ്യവകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

Similar News