"സൗന്ദര്യം കുറഞ്ഞെന്ന പേരിൽ പീഡനം": യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു
By : Online Desk
Update: 2025-02-02 07:19 GMT
മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർതൃപീഡനം ആരോപിച്ച് കുടുംബം. സൗന്ദര്യം കുറവെന്നും ജോലി ഇല്ലെന്നും പറഞ്ഞ് ഭർത്താവ് പ്രഭിൻ മകളെ പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചു. ഭർത്താവിന്റെ ബന്ധുക്കൾ ഇതിന് കൂട്ടുനിന്നു. വിഷ്ണുജയെ ദേഹോപദ്രവം ഏൽപിച്ചിരുന്നു. ഭർതൃവീട്ടിൽ മകൾ കടുത്ത ശാരീരിക മാനസിക പീഡനങ്ങളിലൂടെ കടന്നുപോയെന്ന് വിഷ്ണുജയുടെ അച്ഛൻ പറഞ്ഞു.
2023 മേയിലാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയും എളങ്കൂർ സ്വദേശിയായ പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഭർത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.