'അപേക്ഷിക്കാന്‍ മറന്നതിനാല്‍ വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കി നല്‍കി'; നീറ്റ് വ്യാജ ഹാള്‍ ടിക്കറ്റില്‍ കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി
വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷിക്കാന്‍ അക്ഷയ കേന്ദ്രത്തിലെത്തിയിരുന്നു. എന്നാല്‍ ഗ്രീഷ്മ അപേക്ഷിക്കാന്‍ മറന്നുപോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കി നല്‍കി.;
പത്തനംതിട്ട: വ്യാജ ഹാള്‍ ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് ഹാജരായ കേസില്‍ കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മ. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷിക്കാന്‍ അക്ഷയ കേന്ദ്രത്തിലെത്തിയിരുന്നു. എന്നാല്‍ ഗ്രീഷ്മ അപേക്ഷിക്കാന്‍ മറന്നുപോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കി നല്‍കി. ഇത് മനസിലാക്കാതെയാണ് വിദ്യാര്‍ഥി ഇതേ ഹാള്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരായത് എന്ന് പൊലീസ് പറഞ്ഞു. പാറശാല സ്വദേശിയായ വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരിയെ കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്‌കൂളിലാണ് വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയത്. തുടക്കത്തിലെ പരിശോധനയില്‍ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചു. ഇതിനിടെ ഹാള്‍ ടിക്കറ്റിലെ റോള്‍ നമ്പരില്‍ മറ്റൊരു വിദ്യാര്‍ത്ഥി തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കുട്ടിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ഇതിനിടയില്‍ ഗ്രീഷ്മ വാട്‌സാപ്പില്‍ അയച്ചുതന്ന ഹാള്‍ടിക്കറ്റ് വ്യാജമാണെന്ന് മനസിലായില്ലെന്ന് കുട്ടിയും അമ്മയും പൊലീസിന് മൊഴി നല്‍കി.ഗ്രീഷ്മ അക്ഷയ സെന്ററില്‍ ജോലിക്കെത്തിയിട്ട് നാല് മാസമേ ആയിട്ടുളളൂവെന്ന് ഉടമ സത്യദാസ് പൊലീസിനോട് പറഞ്ഞു. പത്തനംതിട്ട ഡിവൈ.എസ്.പി ഇന്‍ ചാര്‍ജ് ബിന്ദു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വൈകിയും വിദ്യാര്‍ത്ഥിയെയും മാതാവിനെയും ചോദ്യം ചെയ്തിരുന്നു.ഇവര്‍ നിരപരാധികളാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു..