പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയത് സിനിമയെ വെല്ലുന്ന രീതിയില്‍; ദൃശ്യങ്ങള്‍ പുറത്ത്
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഷൈന്‍;
കൊച്ചി: പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയത് സിനിമയെ വെല്ലുന്ന രീതിയില്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായാണ് ഡാന്‍സാഫ് സംഘം പരിശോധനക്കായി കൊച്ചിയിലെ ഹോട്ടലില്‍ എത്തിയത്.
ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു പരിശോധന. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഷൈന്‍. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് സംഘം ഹോട്ടലില്‍ എത്തിയത്. ഹോട്ടലിന്റെ റിസപ്ഷനില്‍ എത്തിയ പൊലീസ് സംഘം ഷൈന്‍ ടോം ചാക്കോ താമസിക്കുന്ന മുറി ഏതാണെന്ന് അന്വേഷിച്ചു.
തുടര്‍ന്ന് 314ാം നമ്പര്‍ മുറി ലക്ഷ്യമാക്കി പൊലീസ് എത്തുമ്പോഴേക്കും ഇക്കാര്യം അറിയാനിടയായ ഷൈന്‍ മൂന്നാം നിലയിലെ മുറിയില്‍ നിന്ന് ജനാലവഴി ഇറങ്ങി ഓടുകയായിരുന്നു. രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി രക്ഷപ്പെടാനുള്ള ചാട്ടത്തിനിടെ ഷീറ്റ് പൊട്ടി.
പിന്നാലെ അവിടെനിന്നു നീന്തല്‍ കുളത്തിലേക്ക് എത്തിയ ഷൈന്‍, പടിക്കെട്ടുകളിലൂടെ ഓടിയാണ് റിസപ്ഷന്റെ ഭാഗത്തേക്ക് എത്തിയത്. അവിടെനിന്നു ഹോട്ടലിന് പുറത്തുകടന്ന ഷൈന്‍ അതുവഴി വന്ന ഇരുചക്ര വാഹനത്തിന് കൈകാണിച്ച് അതില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ഇത്രയും സാഹസപ്പെട്ട് ഷൈന്‍ രക്ഷപ്പെടണമെങ്കില്‍ അദ്ദേഹത്തിന്റെ കൈവശം കാര്യമായി എന്തോ ഉണ്ടായിരുന്നിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ഷൈനിനൊപ്പം മുറിയിലുണ്ടായ ആളെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
ഷൈനിന് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ കലൂരിലുള്ള ഹോട്ടലില്‍ നിന്നാണ് ഷൈന്‍ രക്ഷപ്പെട്ടത്. റെയ്ഡ് വിവരം ചോര്‍ന്നതിന് പിന്നില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
സിനിമാ സെറ്റില്‍ ഒരു നടന്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് കാട്ടി കഴിഞ്ഞ ദിവസം നടി വിന്‍സി അലോഷ്യസ് പരാതി പറഞ്ഞിരുന്നു. ആദ്യം സമൂഹ മാധ്യമത്തിലൂടെയായിരുന്നു വിന്‍സി ഇക്കാര്യം അറിയിച്ചത്. ഇത് നടന്‍ ഷൈന്‍ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരവും പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിന്‍സി ഫിലിം ചേംബറിന് പരാതി നല്‍കിയിട്ടുണ്ട്. പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈന്‍ മോശം പെരുമാറ്റം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തില്‍ കേസെടുക്കാന്‍ പര്യാപ്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടിയുണ്ടാകുമെന്ന് എക്‌സൈസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്. അതിനിടെയാണ് പുതിയ സംഭവം.