ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി ഹോട്ടല്‍ ഉടമ പിടിയില്‍

Update: 2025-02-05 04:22 GMT

ഒന്നാം പ്രതി ദേവദാസ് 

കോഴിക്കോട്: മുക്കത്ത് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയില്‍. തൃശൂര്‍ കുന്നംകുളത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ പ്രതിയെ മുക്കം സ്റ്റേഷനില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തി.സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്. അതിക്രമിച്ച് കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദേവദാസ്, റിയാസ്, സുരേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 24കാരിയാണ് പീഡനത്തിനിരയായത്. ശനിയാഴ്ച രാത്രി ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി ദേവദാസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമികളെ കണ്ട് ഭയന്ന യുവതി കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് ചാടി. അപകടത്തില്‍ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ യുവതിയെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. യുവതി ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

ദേവദാസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും അവര്‍ നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഗെയിം കളിക്കുകയായിരുന്ന യുവതിയുടെ മൊബൈല്‍ ഫോണിലെ സ്‌ക്രീന്‍ റെക്കോഡില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Similar News