'സിറപ്പിന് പകരം നല്‍കിയത് പനിക്കുള്ള തുള്ളിമരുന്ന്'; 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍; ഫാര്‍മസിക്കെതിരെ പരാതി
കണ്ണൂര്‍: എട്ടുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നല്‍കി ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംഭവത്തില്‍ ഫാര്‍മസി ജീവനക്കാര്‍ക്കെതിരെ പരാതിയുമായി പിതൃസഹോദരന്‍. പഴയങ്ങാടി ടൗണിലെ ഫാര്‍മസിക്കെതിരെയാണ് പിതൃസഹോദരന്‍ ഇ.പി.അഷ്‌റഫ് പൊലീസീല്‍ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ഫാര്‍മസിയില്‍ നിന്നും കുഞ്ഞിന് മരുന്നുവാങ്ങിയത്.
കുഞ്ഞിനെ ഗുരുതരാവസ്ഥയിലാക്കിയത് ഫാര്‍മസി ജീവനക്കാരാണെന്നും പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ കുട്ടിക്ക് ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നല്ല നല്‍കിയതെന്നും അഷ്‌റഫ് പറയുന്നു. ചോദിച്ചപ്പോള്‍ 'എന്നാ പോയി കേസ് കൊടുക്ക്' എന്ന് ഭീഷണിപ്പെടുത്തിയതായും ഇദ്ദേഹം ആരോപിച്ചു.
കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും വൈകിട്ട് ലഭിക്കുന്ന പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ചികിത്സ എന്നും അഷ്‌റഫ് പറഞ്ഞു. ഡോക്ടര്‍ കുറിച്ച പനിക്കുള്ള സിറപ്പിന് പകരം പനിക്കുള്ള തുള്ളിമരുന്ന് മാറി നല്‍കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
മരുന്ന് ഓവര്‍ ഡോസായി കുഞ്ഞിന്റെ കരളിനെ ബാധിച്ചു. ഗുരുതരാവസ്ഥയില്‍ തുടര്‍ന്നാല്‍ കരള്‍ മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതെന്നും ഇദ്ദേഹം പറയുന്നു.