കണ്ണൂരില്‍ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 5 വയസ്സുകാരന്‍ മരിച്ചു; വാക്‌സിന്‍ എടുത്തിട്ടും ഫലമുണ്ടായില്ല
കണ്ണിലേറ്റ മുറിവാണ് പേവിഷബാധയിലേക്ക് നയിച്ചത്;
കണ്ണൂര്‍: കണ്ണൂരില്‍ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. തമിഴ് നാട് സ്വദേശികളായ മണി-ജാതിയ ദമ്പതികളുടെ മകന്‍ ഹരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാര്‍ ട്ടേഴ്‌സിന് സമീപത്തുനിന്നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.
വലത് കണ്ണിനും ഇടതു കാലിനും കടിയേറ്റ കുട്ടിക്ക് അന്ന് തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വാക്‌സിനേഷന്‍ എടുത്തിരുന്നു. എന്നാല്‍ വീണ്ടും പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതോടെ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. കണ്ണിലേറ്റ മുറിവാണ് പേവിഷബാധയിലേക്ക് നയിച്ചത്. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 12 ദിവസം ചികിത്സയില്‍ കഴിഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് വ്യാപകമായി കണ്ണൂര്‍ നഗരത്തില്‍ തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. 70ലധികം പേരാണ് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടി ആശുപത്രിയിലെത്തിയത്.