ഡിസംബറില്‍ ഇതുവരെ 128 മി.മീ മഴ..! മഴയ്ക്ക് കാലം തെറ്റിയോ?
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദം രൂപപ്പെടുന്നതോടെ ഡിസംബറിലെ വരും ദിവസങ്ങളില്‍ മഴ പൂര്‍ണമായും ഒഴിഞ്ഞു മാറാന്‍ സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം വ്യക്തമാക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ഡിസംബര്‍ മാസത്തില്‍ കേരളത്തില്‍ സാധാരണ ലഭിക്കേണ്ട മഴയുടെ അളവ് 32 മി.മീറ്ററാണ്. . എന്നാല്‍ ആദ്യ 14 ദിവസം കഴിഞ്ഞപ്പോള്‍ ഇതുവരെ ലഭിച്ചത് 128 മി.മീറ്റര്‍ മഴയാണ്. സമീപ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മാസമായി ഡിസംബര്‍ മാറുകയാണെന്നും അദ്ദേഹം പറയുന്നു. സാധാരണ കൂടുതല്‍ മഴ ലഭിക്കേണ്ട നവംബറില്‍ പോലും ഇത്തവണ ലഭിച്ചത് 116 മി.മീ മാത്രമാണ്.തിരുവനന്തപുരം ഒഴികെയുള്ള എല്ലാം ജില്ലകളിലും ഡിസംബര്‍ മാസത്തില്‍ മുഴുവന്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ഇപ്പോള്‍ തന്നെ ലഭിച്ചു കഴിഞ്ഞു.
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കേരളം വഴി കടന്നു പോയ രണ്ട് ദിവസങ്ങളില്‍ മാത്രം 84 മി.മീ മഴയാണ് ലഭിച്ചത്. മാന്നാര്‍ കടലിടുക്ക് ന്യൂന മര്‍ദ്ദത്തില്‍ ഒറ്റ ദിവസം 18 മി.മീ മഴയും ലഭിച്ചു.ആദ്യമായല്ല ഡിസംബറിലെ വൈകിയ മഴ. 2022ലും ന്യൂന മര്‍ദ്ദ സ്വാധീനം മൂലം ഡിസംബര്‍ 25 മുതല്‍ 28 വരെ കേരളത്തില്‍ മഴ ലഭിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നു ശേഷമാണു മഴ മാറി നിന്നത് . 1987 , 97 ,98 തുടങ്ങിയ വര്‍ഷങ്ങളിലും ഡിസംബര്‍ അവസാനം വരെ മഴ ലഭിച്ചിട്ടുണ്ടെന്നും രാജീവന്‍ എരിക്കുളം പറയുന്നു.
ഡിസംബറില്‍ അസാധാരണ മഴ തുടരുമ്പോള്‍ നഷ്ടമാകുന്നത് സ്വഭാവികമായി ലഭിക്കേണ്ട തണുപ്പ് കാലമാണ്. അതോടൊപ്പം കാര്‍ഷിക മേഖലയും ഡിസംബര്‍ പകുതിയായിട്ടും കുറഞ്ഞ താപനില ശരാശരിയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് അടുത്ത് കൂടുതല്‍. മൂന്നാറില്‍ പോലും ഒരു ദിവസം മാത്രമാണ് ഈ സീസണില്‍ 10 ഡിഗ്ര സെല്‍ഷ്യസ് കുറവ് തണുപ്പ് രേഖപെടുത്തിയത് .എന്നാല്‍ ഉയര്‍ന്ന താപനിലയില്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവും ന്യൂന മര്‍ദ്ദ കാലയളവുകളില്‍ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.