കളിത്തോക്ക് ചൂണ്ടി 10.20 ലക്ഷം രൂപ കവര്‍ന്നു; നാല് പേര്‍ അറസ്റ്റില്‍
കാസര്‍കോട്: കാഞ്ഞങ്ങാട്ട് ക്രഷര്‍ മാനേജറെ കളിത്തോക്ക് ചൂണ്ടി ചവിട്ടിയിട്ട് 10.20 ലക്ഷം രൂപയുമായി കടന്നു കളഞ്ഞ നാലംഗ ഇതര സംസ്ഥാന തൊഴിലാളികളെ കേരള-കര്‍ണാടക പൊലീസ് സാഹസികമായി പിടികൂടി. പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടാനായത്.
മാവുങ്കാലിന് സമീപം ചെമ്പിലോട്ടെ ജാസ് അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റോക്ക് യാര്‍ഡിന്റെ മാനേജര്‍ കോഴിക്കോട് മരുതോംകര സ്വദേശി പി.പി. രവീന്ദ്രനെ(56) അക്രമിച്ചാണ് ബാഗില്‍ സൂക്ഷിച്ച പണവുമായി നാലംഗസംഘം കടന്നുകളഞ്ഞത്. ബീഹാര്‍ സ്വദേശികളായ ഇബ്രാന്‍ ആലം, മുഹമ്മദ് മാലിക്, മുഹമ്മദ് ഫാറൂഖ്, അസം സ്വദേശി ധനഞ്ജയ് ബോറ എന്നിവരെയാണ് രക്ഷപ്പെടുന്നതിനിടെ കര്‍ണാടക പൊലീസ് പിടികൂടിയത്. ധനഞ്ജയ് ബോറ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ്. തട്ടിയെടുത്ത പണം പൊലീസ് കണ്ടെടുത്തു. കവര്‍ച്ച നടത്തിയ ശേഷം സംഘം ട്രെയിന്‍ വഴി കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. 10,20,000 തട്ടിയെടുത്താണ് അക്രമികള്‍ രക്ഷപ്പെട്ടത്. ഇവരെ രാത്രി വൈകി കര്‍ണാടകയില്‍ പിടികൂടുകയായിരുന്നു.
ക്രഷര്‍ പൂട്ടി കല്യാണ്‍ റോഡിലെ താമസസ്ഥലത്തേക്ക് പോകാന്‍ ഓട്ടോ കാത്തു നില്‍ക്കുമ്പോഴാണ് രവീന്ദ്രനെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ചവിട്ടി വീഴ്ത്തിയതിനു ശേഷം പണം അടങ്ങിയ ബാഗുമായി രക്ഷപ്പെട്ടത്. ഏച്ചിക്കാനത്തെ കളക്ഷന്‍ തുകയായ രണ്ടര ലക്ഷം രൂപയും വെള്ളരിക്കുണ്ട് യാര്‍ഡിലെ 7,70,000 രൂപയും മൊബൈല്‍ ഫോണും ബാഗില്‍ സൂക്ഷിച്ചതായിരുന്നു. പിറക് വശത്തുകൂടി നടന്നുവന്ന പ്രതികള്‍ രവീന്ദ്രനെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുമുറുക്കി തോക്ക് ചൂണ്ടിയാണ് ചവിട്ടി വീഴ്ത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികളാണ് സംഭവത്തിന് പിന്നിലെന്ന സംശയം ഉയര്‍ന്നതോടെ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാര്‍, എസ്.ഐമാരായ അഖില്‍, ശാര്‍ങ്ധരന്‍, ജോജോ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷൈജു, മോഹന്‍, സനോജ് എന്നിവര്‍ ഏച്ചിക്കാനം മുതലുള്ള നഗരത്തിലെ വഴികളിലെ എല്ലാ സി.സി.ടി.വി ക്യാമറകളും പരിശോധിച്ചു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതികള്‍ ട്രെയിനില്‍ കടന്നുകളയുകയായിരുന്നു. ഇത് മനസിലാക്കിയ പൊലീസ് വിവരം ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയെ അറിയിച്ചതോടെ കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥമായി ബന്ധപ്പെട്ട് ട്രെയിനുകളില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കി. ഇതേതുടര്‍ന്ന് ട്രെയിനുകളും വാഹനങ്ങളും അരിച്ച് പെറുക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടാനായത്.കര്‍ണാടക പൊലീസ് പിടികൂടിയ പ്രതികളെ ഹൊസ്ദുര്‍ഗ് പൊലീസിന് കൈമാറി. കളിത്തോക്ക് കണ്ടെത്താനായിട്ടില്ല.
പ്രതികളെ കുടുക്കിയത് കാറിനെ കുറിച്ച് ലഭിച്ച സൂചന
കാഞ്ഞങ്ങാട്: ക്രഷര്‍ മാനേജരെ തള്ളിയിട്ട് പണവുമായി രക്ഷപ്പെട്ടവരെ കുറിച്ച് സൂചന ലഭിച്ചത് ഇവര്‍ സഞ്ചരിച്ച വാഗണര്‍ കാറിനെ കുറിച്ച് പരാതിക്കാരന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന്. വിവരം ലഭിച്ച പൊലീസ് മുത്തപ്പന്‍ തറയിലെ റെന്റ് എ കാര്‍ സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോള്‍ എറണാകുളം രജിസ്ട്രേഷനുള്ള വാഗണര്‍ കാര്‍ തലങ്ങും വിലങ്ങും ഇതുവഴി പോയത് കണ്ടെത്തി. എറണാകുളത്തെ റെന്റ് എ കാര്‍ സ്ഥാപനത്തില്‍ നിന്നും വാടകയ്ക്ക് എടുത്ത കാറാണെന്ന് വിവരം ലഭിച്ചതോടെ അവരുമായി ബന്ധപ്പെട്ടു. ബീഹാര്‍ സ്വദേശികളാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്ന വിവരവും ലഭിച്ചു. കാറിന് ജി.പി.എസ് സംവിധാനം ഉള്ളതിനാല്‍ എറണാകുളത്തെ ഉടമകളുടെ സഹായത്തോടെ കാറിന്റെ ലൊക്കേഷന്‍ കണ്ടെത്തി. അപ്പോഴാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഇവര്‍ ധരിച്ച വസ്ത്രം കാറിനകത്തു ഉപേക്ഷിച്ച് മറ്റൊരു വസ്ത്രം ധരിച്ചാണ് പോയതെന്നും വ്യക്തമായി. പിന്നാലെ ഈ സമയത്ത് വന്ന രണ്ട് ട്രെയിനുകള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നേത്രാവതി ട്രെയിനില്‍ കയറിയ പ്രതികള്‍ കങ്കനാടി ജംഗ്ഷനില്‍ ഇറങ്ങി ഭക്ഷണം കഴിച്ചതിന് ശേഷം മുറി വാടകയ്ക്ക് എടുക്കാന്‍ പോയി. ഇതിനിടെയാണ് കര്‍ണാടക പൊലീസ് പിടികൂടിയത്.