പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം നഗ്ന വീഡിയോ ചിത്രീകരിച്ച് സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കോളിയടുക്കം സ്വദേശി കെ.എം മുഹമ്മദ് അഫ്രീദ്, അണങ്കൂര്‍ സുല്‍ത്താന്‍ നഗറിലെ ബി.എം അബ്ദുള്‍ ഖാദര്‍ എന്നിവരാണ് അറസ്റ്റിലായത്;
ചട്ടഞ്ചാല്‍: പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്ന വീഡിയോ ചിത്രീകരിച്ച് സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ പ്രതികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോളിയടുക്കം സ്വദേശിയും വിദ്യാനഗര്‍ ബി.സി റോഡിലെ അപ്പാര്‍ട്ടുമെന്റില്‍ താമസക്കാരനുമായ കെ.എം മുഹമ്മദ് അഫ്രീദ്(23), അണങ്കൂര്‍ സുല്‍ത്താന്‍ നഗറിലെ ബി.എം അബ്ദുള്‍ ഖാദര്‍(28) എന്നിവരെയാണ് മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഒന്നാംപ്രതി കെ.എം മുഹമ്മദ് അഫ്രീദ് 2019ലാണ് സാമൂഹികമാധ്യമം വഴി പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പലയിടങ്ങളിലേക്കും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ആദ്യം 22 ഗ്രാം സ്വര്‍ണ്ണം കൈക്കലാക്കുകയായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ട് നിരന്തരം വിളിക്കുകയും തന്നില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന ഭീഷണി തുടരുകയും ചെയ്തു.
മൂന്ന് ദിവസം മുമ്പ് മുഹമ്മദ് അഫ്രീദിന്റെ നിര്‍ദ്ദേശപ്രകാരം അബ്ദുള്‍ ഖാദര്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിക്കുകയും ആറരലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. അഫ്രീദിന്റെ ഫോണില്‍ നിന്ന് നഗ്ന വീഡിയോകള്‍ കിട്ടിയിട്ടുണ്ടെന്നും ഇത് പുറത്തുവിടാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇതോടെ പെണ്‍കുട്ടിയുടെ പിതാവ് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ പിതാവ് പണം കൈമാറാനെന്ന വ്യാജേന അഫ്രീദിയേയും അബ്ദുള്‍ ഖാദറിനെയും വിളിച്ചുവരുത്തി. പിന്നാലെ പൊലീസ് രണ്ടുപേരെയും പിടികൂടുകയായിരുന്നു.