മൊഗ്രാല്‍ ഗവ. യുനാനി ഡിസ്പെന്‍സറിയില്‍ തെറാപ്പിസ്റ്റില്ല, രോഗികള്‍ ദുരിതത്തില്‍
മൊഗ്രാല്‍: സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ യുനാനി ഡിസ്പെന്‍സറിയായ മൊഗ്രാൽ യുനാനി ഡിസ്പെന്‍സറിയിൽ തെറാപ്പിസ്റ്റിനെ നിയമിക്കാത്തതിനാല്‍ രോഗികള്‍ ദുരിതത്തില്‍. രണ്ട് മാസമായി തെറാപ്പിസ്റ്റില്ലാത്തതിനാല്‍ രോഗികള്‍ മടങ്ങുകയാണ്.നേരത്തെ ഉണ്ടായിരുന്ന തെറാപ്പിസ്റ്റ് മറ്റൊരു ജോലിയില്‍ പ്രവേശിച്ചതിനാലാണ് ഒഴിവുണ്ടായത്. എന്നാല്‍ പകരം നിയമനം ഇതുവരെ നടന്നിട്ടില്ല. ബോര്‍ഡ് യോഗം ചേരാതെ പുതിയ തെറാപ്പിസ്റ്റിനെ നിയമിക്കാനാവില്ലെന്നാണ് അധികൃതരുടെ മറുപടി. രണ്ട് മാസമായി ബോര്‍ഡ് യോഗം ചേര്‍ന്നിട്ടില്ല. ഇതോടെ നൂറ് കണക്കിന് രോഗികളാണ് ദുരിതാവസ്ഥയിലായ്.
2005-2010ലെ കുമ്പള പഞ്ചായത്ത് ഭരണസമിതിയാണ് മൊഗ്രാല്‍ യുനാനി ഡിസ്പെന്‍സറിയില്‍ ഫിസിയോതെറാപ്പിക്ക് കൂടി അനുമതി നല്‍കിയത്. വൃക്ക രോഗികള്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു. തെറാപ്പിസ്റ്റ്ന്റെ അഭാവം മൂലം രോഗികള്‍ തുടര്‍ ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുകയാണ്. സ്വകാര്യ ആസ്പത്രിയില്‍ വലിയ തുക നല്‍കേണ്ടിവരുമ്പോള്‍ യുനാനി ഡിസ്പെന്‍സറിയില്‍ 50 രൂപ മാത്രം മതി. അതിനാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികളുടെ കുടുംബങ്ങള്‍ക്ക് യുനാനി ഡിസ്‌പെന്‍സറി വലിയ കൈത്താങ്ങാണ്.
അതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ പുതിയ തെറാപ്പിസ്റ്റിനെ നിയമിക്കാനുള്ള നീക്കത്തെ 'ബന്ധു' നിയമനമെന്നാരോപിച്ച് ബി.ജെ.പി, സി.പി.എം, എസ്.ഡി.പി.ഐ അംഗങ്ങള്‍ എതിര്‍ത്തതോടെ നിയമനം വീണ്ടും തടസ്സപ്പെട്ടു. തെറാപ്പിസ്റ്റ് നിയമനത്തിന് നാലുപേരാണ് പഞ്ചായത്തില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നത്. ഇന്റര്‍വ്യൂവില്‍ അനുഭവ സമ്പത്ത് നോക്കിയാണ് നിയമനത്തിന് തിരഞ്ഞെടുത്തത്. പഞ്ചായത്ത് പ്രസിഡണ്ട്, യുനാനി മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് ഇന്റര്‍വ്യൂവിലൂടെ തിരഞ്ഞെടുത്തത്. ഈ നിയമനത്തെയാണ് ഭരണപക്ഷത്തെ നേതാവിന്റെ ബന്ധു നിയമനമെന്നാരോപിച്ച് പ്രതിപക്ഷത്തെ 13 അംഗങ്ങള്‍ ചോദ്യം ചെയ്ത് രംഗത്തുവന്നത്. ഇത് ബോര്‍ഡ് യോഗത്തില്‍ വലിയ ബഹളത്തിന് വഴിവെച്ചിരുന്നു.