യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ കേസില്‍ നാല് പ്രതികള്‍ കൂടി അറസ്റ്റില്‍
മായിപ്പാടി സ്വദേശികളായ മഹേഷ്, ഹരിപ്രസാദ്, അജിത്, രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്;
സീതാംഗോളി: സംഘട്ടനത്തിനിടെ യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ കേസില്‍ നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മായിപ്പാടി സ്വദേശികളായ മഹേഷ്, ഹരിപ്രസാദ്, അജിത്, രജീഷ് എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.കെ ജിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബദിയടുക്കയിലെ അനില്‍ കുമാറിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ കേസിലാണ് അറസ്റ്റ്.
ഈ കേസിലെ മുഖ്യപ്രതിയായ ബേളയിലെ അക്ഷയ് കുമാറിനെ(47) കഴിഞ്ഞ ദിവസം കുമ്പള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്ഷയ് കുമാറിനെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. സംഭവത്തില്‍ അക്ഷയ് കുമാര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. അഞ്ച് പ്രതികള്‍ അറസ്റ്റിലായതോടെ ബാക്കിയുള്ള പ്രതികളെ പിടികൂടാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഗുണ്ടാസംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. സീതാംഗോളിയിലെ ബിവറേജ് മദ്യശാലയില്‍ നിന്ന് മദ്യം വാങ്ങിക്കൊണ്ടുപോയി പരിസരത്ത് നിന്ന് മദ്യപിച്ച് സംഘട്ടനത്തിലേര്‍പ്പെടുന്നത് പതിവാണ്. ഒരു വര്‍ഷത്തിനിടെ ഈ ഭാഗത്ത് 10 അക്രമസംഭവങ്ങള്‍ നടന്നു. ഗുണ്ടാ അക്രമങ്ങള്‍ തടയാന്‍ പൊലീസ് രാത്രികാല പട്രോളിംഗും പരിശോധനയും ശക്തമാക്കുമെന്ന് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിജേഷ് പറഞ്ഞു.