ഇന്ന് വിനായക ചതുര്‍ത്ഥി; ജില്ലയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം
ഗണേശ ചതുര്‍ത്ഥിയുടെ ഭാഗമായി പെര്‍ള സത്യനാരായണ ഭജന മന്ദിരത്തില്‍ പൂജക്ക് വെച്ച ഗണപതി വിഗ്രഹം.
കാസര്‍കോട്: വിനായക ചതുര്‍ത്ഥി പ്രമാണിച്ചുള്ള ആഘോഷങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. മധൂര്‍ ശ്രീ സിദ്ധി വിനായക ക്ഷേത്രം , മല്ലികാര്‍ജുന ക്ഷേത്രം , എന്നിവിടങ്ങളിലാണ് പ്രധാന ചടങ്ങുകള്‍. വടക്കന്‍ മേഖലയില്‍ വിവിധ ഇടങ്ങളിലും ആഘോഷങ്ങളും ചടങ്ങുകളും നടക്കുന്നുണ്ട്. ചിങ്ങമാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് വരുന്ന ചതുര്‍ത്ഥി അഥവാ വെളുത്ത പക്ഷ ചതുര്‍ത്ഥിയാണ് ഹൈന്ദവ വിശ്വാസികള്‍ ഗണപതിയുടെ ജന്‍മദിനമായി കൊണ്ടാടുന്നത്. ഈ ദിവസം പ്രത്യേക കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നു. വിഘ്‌നേശ്വരനായ ഗണപതിയുടെ പുനര്‍ജന്‍മത്തെ അനുസ്മരിക്കാനും അനുഗ്രഹം തേടാനുമായി വിശ്വാസികള്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങുകളിലും ഗണേശോത്സവത്തിലും പങ്കെടുക്കുന്നു.
ഗണപതി വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് പൂജയ്ക്ക് വെക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നു. മോദകം എന്ന മധുര പലഹാരമാണ് ഗണേശവിഗ്രഹത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നത്. പൂജയ്ക്ക് ശേഷം നനിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം കടലിലോ പുഴയിലോ നിമജ്ജനം ചെയ്യുന്നു. ഇതോടെയാണ് ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നത്.
വിനായക ചതുര്‍ത്ഥി ഐതിഹ്യം
വിനായകന്‍ അഥവാ ഗണേശന്റെ ജനനത്തിന് പിന്നിലെ ഐതീഹ്യം. ഒരിക്കല്‍ പാര്‍വതി ദേവി കുളിക്കാന്‍ പോയപ്പോള്‍ ഗണപതിയെ കാവല്‍ നില്‍ക്കാന്‍ ഏല്‍പ്പിച്ചു. ആരെയും പ്രവേശിപ്പിക്കരുതെന്ന് പാര്‍വതീദേവി നിര്‍ദേശവും നല്‍കി. തുടര്‍ന്ന് പരമശിവന്‍ അവിടേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഗണപതി അനുവദിച്ചില്ല. തന്നെ തടഞ്ഞതില്‍ കോപിഷ്ഠനായ ശിവന്‍ ഗണപതിയുടെ തല വെട്ടി മാറ്റി. ഇതറിഞ്ഞ പാര്‍വതി ഏറെ വിഷമിതയായി. ഗണപതിക്ക് പുനര്‍ന്‍മം നല്‍കാന്‍ പാര്‍വതി ശിവനോട് ആവശ്യപ്പെട്ടു. ഉടനെ ആനയുടെ തല ഗണപതിയുടെ ശരീരത്തില്‍ വെച്ചുപിടിപ്പിച്ച. ഇത് ഗണേശന്റെ പുതുജന്‍മമായി. ഈ പുനര്‍ജന്‍മത്തെ അനുസ്മരിക്കാനും ആഘോഷിക്കാനുമാണ് ഹൈന്ദവ വിശ്വാസികള്‍ വിനായക ചതുര്‍ത്ഥി കൊണ്ടാടുന്നത്.