യുവതിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി കഴുത്തില്‍ കത്തിവെച്ചു; യുവാവിനെതിരെ കേസ്
ഭീമനടി സ്വദേശിനിയായ 28കാരിയുടെ പരാതിയില്‍ കൊടക്കാട് സ്വദേശി അനീഷ് കുമാറിനെതിരെയാണ് കേസെടുത്തത്;
പൊയിനാച്ചി : യുവതിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ട് പോയി കഴുത്തിലും വയറ്റത്തും കത്തി വച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തില്‍ ഭീമനടി മൗക്കോട് സ്വദേശിനിയായ 28കാരിയുടെ പരാതിയില്‍ കൊടക്കാട് സ്വദേശി അനീഷ് കുമാറിനെതിരെ മേല്‍പ്പറമ്പ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചെര്‍ക്കളയില്‍ നിന്നും യുവതി കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസില്‍ കയറിയപ്പോള്‍ അനീഷ് കുമാര്‍ സ്‌കൂട്ടറില്‍ പിന്തുടരുകയും ബസില്‍ നിന്നും ഇറക്കി നിര്‍ബന്ധിപ്പിച്ച് സ്‌കൂട്ടറില്‍ കയറ്റി തട്ടിക്കൊണ്ട് പോകുകയുമായിരുന്നു. തുടര്‍ന്ന് യുവതിയെ പൊയിനാച്ചിയിലെ ക്വാറിക്കടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കഴുത്തിലും വയറ്റത്തും കത്തി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയെ പ്രതി നിരന്തരം ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടര്‍ന്നതായും പരാതിയില്‍ പറയുന്നു.