ആശങ്കയായി വീരമലക്കുന്നിലെ മണ്ണിടിച്ചില്‍; അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗതാഗതം വഴിമുട്ടി

Update: 2025-07-23 07:49 GMT

ചെറുവത്തൂര്‍: ദേശീയ പാത 66 ചെറുവത്തൂര്‍ മയ്യിച്ചയിലെ വീരമലക്കുന്ന് വീണ്ടും ഇടിഞ്ഞത് പ്രദേശത്ത് വീണ്ടും ആശങ്കയുണര്‍ത്തുകയാണ്. ഇത്തവണ വലിയ ഭാഗം തന്നെ ഇടിഞ്ഞ് ദേശീയപാതയില്‍ പതിച്ചിരിക്കുകയാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണ്ണിനടിയില്‍പ്പെട്ട കാറില്‍ നിന്ന് പടന്നക്കാട് എസ്.എന്‍ കോളേജ് അധ്യാപികയായ സിന്ധു അത്ഭുതകരമായി രക്ഷപ്പെട്ടു. സിന്ധു ചെറുവത്തൂര്‍ ഭാഗത്തേക്ക് പോകുമ്പോഴാണ് മണ്ണിടിച്ചില്‍ ഉണ്ടായത്്. പൂര്‍ണമായും മണ്ണിനടിയിലായ കാറില്‍ നിന്ന് സിന്ധുവിനെ സ്ഥലത്തെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ഉടന്‍ രക്ഷപ്പെടുത്തുകയായിരുന്നു.

മണ്ണിടിഞ്ഞതോടെ ദേശീയപാതയിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. വലിയ കല്ലുകളും മണ്ണും റോഡില്‍ പതിച്ചതിനാല്‍ ഇവ നീക്കാന്‍ സമയമെടുക്കും. പ്രദേശത്ത് ജെ.സി.ബികളും ക്രെയിനുകളും എത്തിച്ചിട്ടുണ്ട്. മണ്ണ് നീക്കല്‍ പ്രവൃത്തി തുടരുകയാണ്. മേഘ കണ്‍സ്ട്രക്ഷന്‍സിന് നിര്‍മാണ ചുമതലയുള്ള ദേശീയപാത 66 ലെ മൂന്നാം റീച്ചാണിത്. അളവിലും അധികം കുന്നിടിച്ച് മണ്ണ് കടത്തിയതിനാല്‍ വലിയ ഭീഷണി സൃഷ്ടിക്കുന്ന വീരമലക്കുന്നിനെ നേരത്തെ തന്നെ ജില്ലാ കളക്ടര്‍ അതീവ ജാഗ്രതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്ഥലത്ത് ജില്ലാ കളക്ടറും എന്‍.ഡി.ആര്‍.എഫ് സംഘവും എത്തിയിട്ടുണ്ട്. ചെറുവത്തൂര്‍-നീലേശ്വരം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ചെറുവത്തൂര്‍-കോട്ടപ്പുറം-അച്ചാംതുരുത്തി വഴിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

വീരമലക്കുന്നില്‍ നിന്ന്് മണ്ണെടുത്തത് അശാസ്ത്രീയമായാണെന്ന്് ജിയോളജിസ്റ്റ് സംഘം നേരത്തെ കണ്ടെത്തിയിരുന്നു. മണ്ണെടുക്കുമ്പോള്‍ പാലിക്കേണ്ട യാതൊരു വിധ നിബന്ധനകളും കമ്പനി പാലിച്ചില്ലായിരുന്നു. ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഏറെ സാധ്്യതയുള്ള വീരമലക്കുന്നിനെ കുറിച്ച് പഠിക്കാന്‍ ദേശീയപാത അതോറിറ്റി വിദഗ്ദ്ധ സംഘത്തെ നിയമിച്ചിരുന്നു. എന്നാല്‍ സംഘം പേരിന് മാത്രം സ്ഥലം സന്ദര്‍ശിച്ച് മടങ്ങി എന്ന് ആരോപണം ഉയര്‍ന്നിരുന്നു.വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍ സാധ്യത നില്‍നില്‍ക്കുന്നതായാണ് സംഘം , ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വീരമലക്കുന്നില്‍ നിന്ന് മണ്ണിടിച്ച് കടത്തിയ മേഘ കമ്പനിക്ക് നേരത്തെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് 1.75 കോടി രൂപ പിഴ ചുമത്തിയിരുന്നു. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരിസരത്തുള്ള കുടുംബങ്ങള്‍ ഭീതിയിലൂടെ കടന്നുപോകുന്നത്.

Similar News