മൂന്ന് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ കേസില്‍ തമിഴ് നാട് സ്വദേശിനിക്ക് ഒരു ലക്ഷം രൂപ പിഴ
ചെന്നൈ കള്ളക്കുറിച്ചി കച്ചറപ്പാളയത്തെ മല്ലികക്കാണ് ശിക്ഷ വിധിച്ചത്;
കാസര്‍കോട് : മൂന്ന് കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ കേസില്‍ പ്രതിയായ തമിഴ് നാട് സ്വദേശിനിക്ക് കോടതി ഒരു ലക്ഷം രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ചു. ചെന്നൈ കള്ളക്കുറിച്ചി കച്ചറപ്പാളയത്തെ മല്ലിക(55)ക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി ടി.എച്ച് രജിത ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 15 ദിവസം തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു.
2017 ഒക്ടോബര്‍ 9ന് ഉച്ചക്ക് 12 മണിക്ക് കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ നിന്ന് മല്ലികയെ വനിതാ പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പന്ത്രണ്ടും പത്തും രണ്ടും വയസുള്ള കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നതിനിടെയാണ് മല്ലിക പിടിയിലായത്. കേസില്‍ ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
അഡീഷണല്‍ എസ്.ഐ കെ.വി നാരായണനാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ഇ ലോഹിതാക്ഷന്‍, ആതിര ബാലന്‍ എന്നിവര്‍ ഹാജരായി. പ്രതിക്കെതിരെ ബാലഭിക്ഷാടനം നടത്തിയതിന് മറ്റൊരു കേസുമുണ്ട്.