മാണിമൂലയില്‍ പുലിസാന്നിധ്യം തുടരുന്നു; വളര്‍ത്തുനായയെ കാണാതായി
മാണിമൂലയിലെ ജി ചന്ദ്രശേഖരന്റെ നായയെയാണ് കാണാതായത്;
ബന്തടുക്ക : മാണിമൂലയില്‍ പുലി സാന്നിധ്യം തുടരുന്നു. വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ കാണാതായി. മാണിമൂലയിലെ ജി ചന്ദ്രശേഖരന്റെ നായയെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായത്. ചങ്ങല ഉപയോഗിച്ചാണ് നായയെ കെട്ടിയിട്ടിരുന്നത്. കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ നായയെ കാണാനില്ലായിരുന്നു. പിന്നീട് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ നായയെ വലിച്ചിഴച്ച പാടുകള്‍ കണ്ടെത്തി.
ഒക്ടോബര്‍ 25ന് രാവിലെ തടിച്ചലുമ്പരയില്‍ ചെളിയില്‍ കാല്‍പ്പാടുകളും മാവിന്റെ തൊലി മാന്തിപ്പൊളിച്ചതില്‍ നഖത്തിന്റെ പാടുകളും ചുവട്ടില്‍ രോമങ്ങളും നാട്ടുകാര്‍ കണ്ടിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പ് ബന്തടുക്ക സെക്ഷന്‍ അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇവ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. സമീപ പ്രദേശമായ തലപ്പള്ളത്ത് 26ന് പുലര്‍ച്ചെ വീട്ടില്‍ കെട്ടിയിട്ട വളര്‍ത്തുനായയെ അജ്ഞാത ജീവി കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് ശേഷം കണ്ണാടിത്തോട് ഭാഗത്ത് ടാപ്പിംഗ് തൊഴിലാളികളും പുലിയെ കണ്ടതായി പറയുന്നുണ്ട്. കഴിഞ്ഞദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.