ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍പിരിവ് ആരംഭിച്ചു: കടുത്ത പ്രതിഷേധം; ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു

കുത്തിയിരിപ്പ് സമരം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കി;

Update: 2026-01-12 06:36 GMT

ആരിക്കാടി ടോള്‍ പ്ലാസയില്‍ ആദ്യ ടോള്‍ അടച്ച് മംഗലാപുരം ഭാഗത്തേക്ക് കടന്നുപോകുന്ന ചരക്ക് ലോറി

കുമ്പള: തലപ്പാടി-ചെര്‍ക്കള റീച്ചിലെ ആരിക്കാടി ടോള്‍ പ്ലാസയില്‍ ഇന്ന് മുതല്‍ വാഹനങ്ങള്‍ക്ക് ടോള്‍ പിരിവ് ആരംഭിച്ചതോടെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാക്കി. ടോള്‍ പിരിവിനുള്ള ശ്രമം എ.കെ.എം അഷ്റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അന്യായമായ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന് പറഞ്ഞ് എം.എല്‍.എയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ടോള്‍ പ്ലാസയില്‍ കുത്തിയിരിപ്പ് സമരം നടത്തി. സമരത്തെ തുടര്‍ന്ന് കാസര്‍കോട്-മംഗളൂരു ദേശീയപാതയില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചു. എ.കെ.എം അഷ്റഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള, കോണ്‍ഗ്രസ് നേതാവ് പ്രഭു തുടങ്ങിയവരും മറ്റു നേതാക്കളും ടോള്‍ പ്ലാസ അധികൃതരുമായി പ്രശ്നം ചര്‍ച്ച ചെയ്യുകയും ഹൈക്കോടതി കേസ് ജനുവരി 18ന് ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ അതുവരെയുള്ള സാവകാശം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അധികൃതര്‍ ഇതിന് വിസമതിക്കുകയും ടോള്‍ പിരിവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് സമരം തുടങ്ങിയത്. പിന്നീട് എം.എല്‍.എ ഉള്‍പ്പെടെയുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരിക്കാടി ടോള്‍ പ്ലാസക്കെതിരായ സമരത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോകുന്ന രോഗികളും മംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്നവരും മറ്റു ആവശ്യങ്ങള്‍ക്ക് പോകുന്നവരുമെല്ലാം ഗതാഗതക്കുരുക്ക് കാരണം വലഞ്ഞു. പൊലീസ് ഇടപെട്ട് ബസുകള്‍ പോക്കറ്റ് റോഡുകളിലൂടെയും മറ്റുമാണ് വഴി തിരിച്ചുവിടുന്നത്. കാസര്‍കോട്ട് നിന്ന് വരുന്ന വാഹനങ്ങള്‍ ഇന്ന് രാവിലെ 7.30 മണിമുതല്‍ ടോള്‍ പ്ലാസയിലൂടെ കടത്തിവിട്ടിരുന്നില്ല. ടോള്‍ പിരിവ് തുടങ്ങിയതോടെയാണ് ഇവിടെ സമരവും ആരംഭിച്ചത്.

കാസര്‍കോട്ട് നിന്ന് വരുന്ന വാഹനങ്ങള്‍ കുമ്പള റെയില്‍വെ സ്റ്റേഷനിലെ അടിപ്പാതയിലൂടെ കഞ്ചിക്കട്ട വഴിയാണ് കടത്തിവിടുന്നത്. സീതാംഗോളി-പെര്‍മുദെ റോഡിലൂടെയും ബന്തിയോടിലൂടെയുമാണ് വാഹനങ്ങള്‍ കടത്തി വിട്ടത്. തലപ്പാടിയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ആരിക്കാടി കഞ്ചിക്കട്ട വഴി കുമ്പളയിലേക്കും ബന്തിയോട് നിന്ന് പെര്‍മുദെ, സീതാംഗോളി വഴിയും കടത്തി വിട്ടു. ഇത് ഏറെനേരം ഗതാഗതക്കുരുക്കിനിടയാക്കി. പോക്കറ്റ് റോഡുകളിലാണ് കൂടുതല്‍ ഗതാഗതക്കുരുക്കുണ്ടായത്. ദേശീയപാതയിലൂടെയും സര്‍വീസ് റോഡിലൂടെയുമുള്ള കേരള ട്രാന്‍സ്പോര്‍ട്ട്, കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകളുടെയും സ്വകാര്യബസുകളുടെയും ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു.

ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെ ടോള്‍പിരിവ് തുടങ്ങിയത് അന്യായമെന്ന് സമരക്കാര്‍

കുമ്പള: ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെ ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടങ്ങിയത് അന്യായമാണെന്ന് സമരക്കാര്‍. കേസ് ജനുവരി 18ന് പരിഗണിക്കാനിരിക്കെയാണ് ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ ദേശീയപാത അതോറിറ്റി സ്വകാര്യ കരാര്‍ കമ്പനിയായ സ്‌കൈലാര്‍ക് ഇന്‍ഫ്രാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കിയത്. ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത 2 ടോളുകള്‍ക്കിടയില്‍ 60 കിലോമീറ്റര്‍ ദൂരം എന്ന നിര്‍ദ്ദേശം ലംഘിക്കുന്ന നിലയിലാണ് ഈ ടോള്‍ പ്ലാസ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. ആരിക്കാടി ടോള്‍ പ്ലാസയും നിലവിലുള്ള തലപ്പാടി ടോള്‍ പ്ലാസയും തമ്മില്‍ അകലം 22 കിലോമീറ്റര്‍ മാത്രമാണ്. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശക്തമായ എതിര്‍പ്പുകള്‍ തുടരുന്നതിനിടയിലാണ് ടോള്‍ പ്ലാസ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള തീരുമാനം. ടോള്‍ പിരിവ് നടത്തുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ആഗസ്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ ടോള്‍ പിരിവ് നടത്തില്ലെന്ന് കലക്ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്ഷന്‍ കമ്മിറ്റിയും തമ്മില്‍ ധാരണയുണ്ടായിരുന്നു.

കേസ് പലപ്പോഴായി നീട്ടിവെക്കുകയായിരുന്നു. നേരത്തെ 3 തവണ ടോള്‍ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിയും ജനപ്രതിനിധികളും തടയുകയായിരുന്നു. ടോള്‍ പ്ലാസക്ക് 5 കിലോമീറ്റര്‍ ചുറ്റളവിലുള്ളവരുടെ വാഹനങ്ങള്‍ക്ക് യാത്ര സൗജന്യമാക്കുമെന്ന് നേരത്തെ ചര്‍ച്ചകള്‍ക്കിടയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കടലും പുഴയും ആണ് ഇത്ര ചുറ്റളവില്‍ പെടുകയെന്നതിനാല്‍ അത് ഒരു തരത്തിലും ഈ പ്രദേശത്തെ യാത്രക്കാര്‍ക്ക് ഗുണം ചെയ്യില്ലെന്നാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. കോടതി വിധിയുടെ പേരില്‍ ആരംഭിച്ചാല്‍ തന്നെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യം ലഭിക്കണം. ആരിക്കാടിയിലെ ടോള്‍ പ്ലാസ താല്‍ക്കാലികമാണെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. രണ്ടാം റീച്ചിലെ പെരിയ ചാലിങ്കാലിലെ ടോള്‍ പ്ലാസ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ മാത്രമാണ് ആരിക്കാടിയില്‍ ടോള്‍ പിരിവ് നടത്തുക എന്നതായിരുന്നു നേരത്തെ നല്‍കിയ വിശദീകരണം. എന്നാല്‍ ചാലിങ്കാല്‍ ടോള്‍ പ്ലാസ പ്രവര്‍ത്തനം വൈകുന്നത് തങ്ങളുടെ കുറ്റമല്ലെന്നും അതിന്റെ പേരില്‍ ഒരു വലിയ വിഭാഗം യാത്രക്കാര്‍ സാമ്പത്തിക ഭാരം വഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സമരക്കാര്‍ പറയുന്നു.

Live Updates
2026-01-12 06:40 GMT

ടോള്‍ പ്ലാസ ആരംഭിച്ചതിനെതിരെ പ്രതിഷേധിക്കുന്ന നാട്ടുകാര്‍



 


2026-01-12 06:40 GMT

സമരം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു



 


2026-01-12 06:38 GMT

ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍ ആരംഭിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എ.കെ.എം. അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു



 


Similar News