നഗര മധ്യത്തിലെ റോഡിലെ വലിയ ഗര്‍ത്തം കണ്ടിട്ടും കാണാതെ അധികൃതര്‍; ദുരിതത്തിലായി യാത്രക്കാര്‍
പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് മുന്നിലുള്ള റോഡിലെ ഗര്‍ത്തം
കാസര്‍കോട്: നഗരമധ്യത്തിലെ റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട് മാസങ്ങളായി. എന്നാല്‍ കണ്ടിട്ടും കുലുക്കമില്ലാതെ അധികൃതര്‍. പഴയ ബസ്സ്റ്റാന്റിന് സമീപത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് മുന്നിലുള്ള റോഡിലാണ് ആഴ്ചകള്‍ക്ക് മുമ്പ് വലിയ ഗര്‍ത്തം രൂപപ്പെട്ടത്. ബസുകളടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വലിയ ദുരിതമാകുന്നു. ഗര്‍ത്തത്തില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പരിക്ക് പറ്റുന്ന സംഭവങ്ങും സാധാരണ കാഴ്ചയാവുകയാണ്. ഗര്‍ത്തത്തില്‍ വീണു യാത്രക്കാരുടെ നടുവൊടിയുന്നതും പതിവായി. ബന്ധപ്പെട്ടവരോട് പലതവണ പരാതിപ്പെട്ടിട്ടും ഫലം കാണാത്തതിനാല്‍ യാത്രക്കാര്‍ ഗര്‍ത്തം കല്ലിട്ട് താല്‍ക്കാലികമായി അടച്ചുവെങ്കിലും വീണ്ടും പഴയ സ്ഥിതിയിലായി. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന തിരക്കേറിയ പാതയാണിത്. കുഴി അടച്ചില്ലെങ്കില്‍ പരിസരവാസികളും യാത്രക്കാരും റോഡില്‍ കുത്തിയിരുന്നുള്ള സമര പരിപാടിക്ക് ഒരുങ്ങുകയാണ്.