മുസ്ലിംലീഗില്‍ ആരൊക്കെ മത്സരരംഗത്തുണ്ടാവും? കാസര്‍കോട്ട് പുതുമുഖത്തെ ഇറക്കുമോ?

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കും;

Update: 2026-01-09 05:52 GMT

കാസര്‍കോട്: മുസ്ലിംലീഗിന്റെ നിലവിലെ 15 എം.എല്‍.എമാരില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരരംഗത്തുണ്ടാവും? മൂന്ന് ടേം പൂര്‍ത്തിയാക്കിയവരില്‍ ആര്‍ക്കൊക്കെയാണ് വീണ്ടും അവസരം നല്‍കുക? കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്നിനെ തന്നെ വീണ്ടും ഇറക്കുമോ? കെ.എം ഷാജി വരുമെന്ന പ്രചരണങ്ങള്‍ ശരിയാണോ? -നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വന്നതോടെ മുസ്ലിംലീഗ് പ്രവര്‍ത്തകരില്‍ ഉണരുന്ന ചോദ്യങ്ങള്‍ ഇതൊക്കെയാണ്.

പി.കെ കുഞ്ഞാലികുട്ടി തന്നെയായിരിക്കും ഇത്തവണയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനെ നയിക്കുക. മൂന്ന് ടേം വ്യവസ്ഥയില്‍ അദ്ദേഹത്തിന് പാര്‍ട്ടി ഇളവ് നല്‍കും.

അതേസമയം മൂന്ന് ടേം നിബന്ധന പാര്‍ട്ടി കര്‍ശനമാക്കിയാല്‍ സിറ്റിംഗ് എം.എല്‍.എമാരില്‍ 8 പേര്‍ക്ക് പുറത്തുപോവേണ്ടിവരും. എന്‍.എ നെല്ലിക്കുന്ന് (കാസര്‍കോട്), എം.കെ മുനീര്‍ (കൊടുവള്ളി), കെ.പി.എ മജീദ് (തിരൂരങ്ങാടി), പി. ഉബൈദുല്ല (മലപ്പുറം), പി.കെ ബഷീര്‍ (ഏറനാട്), എന്‍. ശംസുദ്ദീന്‍ (മണ്ണാര്‍ക്കാട്), മഞ്ഞളാംകുഴി അലി (മങ്കട) എന്നിവരാണ് പി.കെ കുഞ്ഞാലികുട്ടിക്ക് പുറമെ മൂന്ന് ടേം പൂര്‍ത്തിയാക്കിയ മറ്റുള്ളവര്‍.

കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒരു വിഭാഗം മൂന്ന് ടേം നിബന്ധന കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പാര്‍ട്ടി ഇക്കാര്യത്തില്‍ ഒരു തീരുമാനം കൈകൊണ്ടിട്ടില്ല.

കുഞ്ഞാലികുട്ടിക്ക് പുറമെ എം.കെ മുനീറിനും വീണ്ടും അവസരം നല്‍കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആരോഗ്യപ്രശ്‌നം കാരണം വിശ്രമത്തിലാണ് മുനീര്‍.

പുതുമുഖങ്ങള്‍ക്ക് ഇത്തവണ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്.

കെ.എം ഷാജിയെ കാസര്‍കോട്ടും പി.കെ ഫിറോസിനെ കൊടുവള്ളിയിലും പി.കെ നവാസിനെ വള്ളിക്കുന്നിലോ താനൂരിലോ ഇറക്കിയേക്കുമെന്നും സംസാരമുണ്ട്.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം തിരൂരങ്ങാടിയിലോ വേങ്ങരയിലോ മത്സരിച്ചേക്കും. പി.കെ കുഞ്ഞാലികുട്ടി വേങ്ങരിയില്‍ നിന്ന് മലപ്പുറത്തേക്ക് മാറാനാണ് സാധ്യത.

Similar News