ജനറല്‍ ആസ്പത്രിയില്‍ ഫോറന്‍സിക് സര്‍ജനില്ല; പോസ്റ്റുമോര്‍ട്ടം പ്രതിസന്ധി തുടരുന്നു
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള സര്‍ജന്‍മാരുടെ അഭാവം വീണ്ടും പ്രതിസന്ധിയിലാക്കുന്നു.സംസ്ഥാനത്ത് 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം സൗകര്യം ഏര്‍പ്പെടുത്തിയ ആദ്യ ജനറല്‍ ആസ്പത്രിയായിരുന്നു കാസര്‍കോട് ജനറല്‍ ആസ്പത്രി. എന്നാല്‍ ഈ പേരിന് അധികം ആയുസ്സുണ്ടായില്ല. ആകെയുണ്ടായിരുന്ന രണ്ട് ഫോറന്‍സിക് സര്‍ജന്‍മാരില്‍ അസിസ്റ്റന്റ് സര്‍ജന്‍ രണ്ട് മാസം മുമ്പ് സ്ഥലം മാറിപ്പോയതോടെ വീണ്ടും പോസ്റ്റുമോര്‍ട്ടം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മൊഗ്രാല്‍പുത്തൂരില്‍ ദേശീയപാത നിര്‍മാണപ്രവൃത്തിക്കിടെ ക്രെയിന്‍ ബക്കറ്റ് പൊട്ടിവീണ് മരിച്ച രണ്ട് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഉച്ചയോടെ തന്നെ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചിരുന്നെങ്കിലും ഫോറന്‍സിക് സര്‍ജന്‍ അവധിയിലായതിനാല്‍ വെള്ളിയാഴ്ച രാവിലെയാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങാനായത്. ആവശ്യത്തിന് ഫോറന്‍സിക് സര്‍ജന്‍ ഇല്ലാത്തതിനാല്‍ നിലവില്‍ പകല്‍ സമയങ്ങളില്‍ പോലും യഥാസമയം പോസ്റ്റ്മോര്‍ട്ടം നടക്കാത്ത അവസ്ഥയാണ്. കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് മാസങ്ങളായി ആവശ്യം ഉയരുന്നുണ്ടെങ്കിലും നടപടി ഉണ്ടായില്ല. ഏതാനും ദിവസം മുമ്പ് ഒഴുക്കില്‍പ്പെട്ട് മരിച്ച കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം വൈകിയതിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
പകരം ആളെ നിയമിക്കാതെയാണ് അസിസ്റ്റന്റ് സര്‍ജനെ രണ്ട് മാസം മുമ്പ് മാറ്റിയത് . എന്നാല്‍ പകരം ആളെ നിയമിച്ചില്ല. ജനറല്‍ ആസ്പത്രിയില്‍ മൂന്ന് ഫോറന്‍സിക് സര്‍ജന്‍മാരെ നിയമിക്കണമെന്നാണ് ഉയരുന്ന ആവശ്യം. വശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കാന്‍ യോഗം തീരുമാനിച്ചു. ആശുപത്രിയിലെ മോര്‍ച്ചറി സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തും.
മൂന്ന് വര്‍ഷം മുമ്പാണ് ജനറല്‍ ആസ്പത്രിയില്‍ 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടത്തിന് തുടക്കമായത്. എന്നാല്‍ ഒരു ഫോറന്‍സിക് സര്‍ജന്റെ തസ്തിക മാത്രമാണ് അന്ന് സൃഷ്ടിച്ചത്. കോടതി ഉത്തരവ് പ്രകാരം മൂന്ന് ഫോറന്‍സിക് സര്‍ജനെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. അന്ന് ടാറ്റാ ആസ്പത്രിയിലെ ഫോറന്‍സിക് ബിരുദമുള്ള ഡോക്ടറെ ജോലി ക്രമീകരണാര്‍ത്ഥം ജനറല്‍ ആസ്പത്രിയില്‍ നിയമിച്ചാണ് രാത്രികാല പോസ്റ്റുമോര്‍ട്ടത്തിന് തുടക്കമിട്ടത്. ഈ സര്‍ജനാണ് സ്ഥലം മാറിപ്പോയത്.