ഒക്ടോബര്‍ 3ന് കാസര്‍കോടിനെ അതിദാരിദ്ര്യ മുക്ത ജില്ലയായി പ്രഖ്യാപിക്കും

. സംസ്ഥാനത്ത് അതിദാരിദ്ര്യ മുക്ത ജില്ല പ്രഖ്യാപനം നടത്തുന്ന മൂന്നാമത്തെ ജില്ലയാണ് കാസര്‍കോട്;

Update: 2025-09-27 09:11 GMT

കാസര്‍കോട്: ഒക്ടോബര്‍ മൂന്നിന് ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് കാസര്‍കോട് ജില്ലയെ അതിദാരിദ്ര്യ മുക്ത ജില്ലയായി പ്രഖ്യാപിക്കും. സംസ്ഥാനത്ത് അതിദാരിദ്ര്യ മുക്ത ജില്ല പ്രഖ്യാപനം നടത്തുന്ന മൂന്നാമത്തെ ജില്ലയാണ് കാസര്‍കോട്. ജില്ലയില്‍ ഗ്രാമ പഞ്ചായത്ത് നഗരസഭാ തലത്തില്‍ സര്‍വ്വേ നടത്തി ആകെ 2768 അതി ദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ജില്ലയില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഒഴികെ 37 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും അതിദരിദ്ര കുടുംബങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഭക്ഷണം, ആരോഗ്യം, വരുമാനം, പാര്‍പ്പിടം, അവകാശ രേഖകള്‍ തുടങ്ങിയ പ്രധാന ക്ലേശ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി അതു ബന്ധപ്പെടുത്തി മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി അത് പൂര്‍ത്തീകരിച്ചു കൊണ്ടുള്ള അതിദരിദ്ര നിര്‍മാര്‍ജന പ്രക്രിയ പൂര്‍ത്തിയായി. ജില്ലയില്‍ കണ്ടെത്തിയ അതിദരിദ്ര്യ കുടുംബങ്ങളില്‍ പിന്നീട് ആവശ്യമില്ല എന്ന് അറിയിച്ചവര്‍, മരണപ്പെട്ടവര്‍ തുടങ്ങിയ കാരണങ്ങങ്ങളാല്‍ ഒഴിവാക്കിയതിന് ശേഷമുള്ള 2072 കുടുംബങ്ങള്‍ ക്കാണ് തദ്ദേശ സ്ഥാപനങ്ങള്‍ മൈക്രോ പ്ലാനുകള്‍ (സേവനങ്ങള്‍) ജില്ലയില്‍ തയ്യാറാക്കിയത്. ഇതില്‍ മുഴുവന്‍ കുടുംബങ്ങളും അതിദാരിദ്ര്യത്തില്‍ നിന്നും മുക്തരായി. ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന 805 പേര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കി നല്‍കി. 814 പേര്‍ക്ക് ആരോഗ്യ സേവനവും 222 പേര്‍ക്ക് വരുമാനവും 396 പേര്‍ക്ക് താമസ സ്ഥലവും നല്‍കി. അവകാശ രേഖകളുടെ ഇനത്തില്‍ 283 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, 89 പേര്‍ക്ക് വോട്ടര്‍ കാര്‍ഡ്, 86 പേര്‍ക്ക് ആധാര്‍ കാര്‍ഡ്, 70 പേര്‍ക്ക് റേഷന്‍കാര്‍ഡ്, 55 പേര്‍ക്ക് സാമൂഹ്യ സുരക്ഷ മിഷന്‍, രണ്ട് പേര്‍ക്ക് ട്രാന്‍സ് ജെന്റര്‍ കാര്‍ഡ്, 28 പേര്‍ക്ക് തൊഴില്‍ മെമ്പര്‍ഷിപ്പ്, 77 പേര്‍ക്ക് തൊഴില്‍ കാര്‍ഡ്, 54 പേര്‍ക്ക് ഗ്യാസ് കണക്ഷന്‍ എന്നിവ ഉറപ്പാക്കി.

Similar News