പുത്തിഗെയിലെ പോരാണ് പോര്; മൂന്ന് മുന്നണികളും രംഗത്തിറക്കിയിട്ടുള്ളത് ശക്തരായ സ്ഥാനാര്‍ത്ഥികളെ
മൂന്ന് മുന്നണികളും ഒരുപോലെ വിജയ പ്രതീക്ഷ പറയുന്ന ഡിവിഷനില്‍ ഒടുവിലത്തെ ചിരി ആരുടേതെന്നറിയാന്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കണം;
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഏറ്റവും ശക്തമായ പോര് നടക്കുന്നതെവിടെ എന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം അത് പുത്തിഗെയിലെന്ന്. മൂന്ന് മുന്നണികളും ഒരുപോലെ വിജയ പ്രതീക്ഷ പറയുന്ന ഡിവിഷനില്‍ ഒടുവിലത്തെ ചിരി ആരുടേതെന്നറിയാന്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കണം. മൂന്ന് മുന്നണികളും ഏറ്റവും ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ചേവാര്‍, പെര്‍മുദെ, എന്‍മകജെ, പെര്‍ള, പുത്തിഗെ എന്നീ ഡിവിഷനുകളിലെ 67,300 വോട്ടര്‍മാരാണ് പുത്തിഗെ ജില്ലാ ഡിവിഷനിലുള്ളത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.എ മുഹമ്മദ് ഹനീഫ, എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ടും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ജെ.എസ് സോമ ശേഖര, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ടും പൈവളിഗെ പഞ്ചായത്തംഗവും മുന്‍ പ്രസിഡണ്ടുമായ മണികണ്ഠ റൈ എന്നിവരാണ് പോര്‍ മുഖത്ത്.
നിലവില്‍ ബി.ജെ.പിയുടെ കയ്യിലാണ് പുത്തിഗെ ഡിവിഷന്‍. ഡിവിഷന്‍ പരിധിയില്‍ വരുന്ന പൈവളിഗെ, പുത്തിഗെ പഞ്ചാത്തുകള്‍ എല്‍.ഡി.എഫും എന്‍മകജെ യു.ഡി.എഫും ഭരിക്കുന്നു. എന്നാല്‍ വോട്ടുകളുടെ കണക്കെടുത്താല്‍ രണ്ടിടത്ത് എന്‍.ഡി.എക്കും ഒരിടത്ത് എല്‍.ഡി.എഫിനുമാണ് മുന്‍തൂക്കം. മാറിയ സാഹചര്യത്തില്‍ ഡിവിഷന്‍ തങ്ങള്‍ക്കൊപ്പമാകുമെന്നാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പറയുന്നത്.
പൊതു രംഗത്ത് സജീവമായ മുഹമ്മദ് ഹനീഫ ആദ്യമായാണ് സ്ഥാനാര്‍ത്ഥി കുപ്പായമണിയുന്നത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും മറ്റും ഈ ഭാഗങ്ങളില്‍ സംഘടനാ ചുമതല വഹിച്ചിരുന്നതിനാല്‍ മിക്ക പ്രദേശങ്ങളെയും വോട്ടര്‍മാരെയും പരിചയമുണ്ട്. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിനാല്‍ പ്രചരണത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. ഇതിനോടകം എല്ലാ പ്രദേശങ്ങളിലും പ്രചരണം നടത്തി.
നാല് തവണകളായി വിജയിക്കുന്ന പുത്തിഗെ ഡിവിഷന്‍ ഇത്തവണയും തങ്ങളുടെ കയ്യില്‍ ഭദ്രമാകുമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. ബി.ജെ.പി നേതാവെന്ന എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും മണികണ്ഠ റൈയെ ഡിവിഷനിലെ വോട്ടര്‍മാര്‍ക്ക് പരിചയമുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഈ ഭാഗങ്ങളിലെ വിവിധ ബൂത്തുകളുടെ ചുമതല വഹിച്ചിരുന്നു. ഈ പരിചയ സമ്പത്തും മുതല്‍ക്കൂട്ടാവുമെന്നാണ് മണികണ്ഠ റൈയുടെ കണക്കുകൂട്ടല്‍. പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്.
എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ടായ ജെ.എസ് സോമശേഖര എന്‍മകജെക്കൊപ്പം മറ്റ് പഞ്ചായത്തുകളും തന്നെ തുണക്കുമെന്നാണ് പറയുന്നത്. സ്ഥാനാര്‍ത്ഥിത്വം മുന്നണി പ്രവര്‍ത്തകര്‍ക്ക് വലിയ സന്തോഷം പകര്‍ന്നിരിക്കുകയാണ്. മഞ്ചേശ്വരം പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന സോമശേഖരയുടെ അനുഭവ സമ്പത്ത് പാര്‍ട്ടി അനുകൂലഘടകമായി കാണുന്നു.