9 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം കഠിനതടവ്
കരിവേടകം ശങ്കരംപാടിയിലെ കെ രാജേന്ദ്രനാണ് കാസര്‍കോട് പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്;
കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് കോടതി 15 വര്‍ഷം കഠിനതടവ് വിധിച്ചു. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. കരിവേടകം ശങ്കരംപാടിയിലെ കെ രാജേന്ദ്രനാ(51)ണ് കാസര്‍കോട് പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധികതടവ് അനുഭവിക്കണം.
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. എല്‍.പി ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയത്. സ്‌കൂള്‍ അധികൃതര്‍ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ 2022 ഫെബ്രുവരിയിലാണ് രാജേന്ദ്രനെതിരെ ബേഡകം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
സി.ഐ പി ദാമോദരനാണ് കേസില്‍ അന്വേഷണമാരംഭിച്ചത്. കാസര്‍കോട് എസ്.എം.എസ് ഡി.വൈ.എസ്.പിയായിരുന്ന കെ.പി സുരേഷ് ബാബു തുടര്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.