ദേശീയപാത സര്‍വീസ് റോഡില്‍ പതിയിരിപ്പുണ്ട് അപകടം; സ്ലാബ് തട്ടി വീണ് 48കാരന്റെ ദേഹത്ത് കമ്പി തുളച്ചു കയറി

Update: 2025-09-17 07:38 GMT

കാഞ്ഞങ്ങാട്:ദേശീയ പാത സര്‍വീസ് റോഡില്‍ കാല്‍നടയാത്രക്കാരെ കാത്തിരിക്കുന്നത് വന്‍ അപകടം. നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായ ഇടങ്ങളില്‍ കോണ്‍ക്രീറ്റ് വാര്‍പ്പിന്റെ അവശേഷിച്ച ഇരുമ്പുകമ്പികളാണ് അപകട ഭീഷണിയായി നിലനില്‍ക്കുന്നത്. കാഞ്ഞങ്ങാട് മാവുങ്കാലിനും മൂലക്കണ്ടത്തിനുമിടയില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച ഓവുചാലിന്റെ വശത്താണ് ഇരുമ്പുകമ്പികള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നത്.

കഴിഞ്ഞ ദിവസം ഇവിടെവെച്ച് ഓവുചാലിന്റെ സ്ലാബ് തട്ടി വീണ് കാല്‍നടയാത്രക്കാരന്റെ ദേഹത്ത് കമ്പി തുളച്ചു കയറി. മൂലക്കണ്ടത്തെ ഗംഗാധരന്‍ (48 )ആണ് അപകടത്തില്‍പെട്ടത്. സ്ലാബിന്റെ മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കമ്പി ദേഹത്ത് തുളച്ചു കയറുകയായിരുന്നു.ഗംഗാധരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഗംഗാധരന് വീണ്ടും ശസ്ത്രക്രിയക്ക് വിധേനാവേണ്ടതുണ്ട്. ദേശീയ പാതയില്‍ പല സ്ഥലങ്ങളിലും സ്ലാബിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കമ്പി അപകടം വിളിച്ചു വരുത്തുകയാണ്.

Similar News