റെയില്‍വെ സിഗ്നല്‍ കേബിള്‍ മുറിച്ച് കടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍; കണ്ടെത്തിയത് ലാറയുടെ സഹായത്തോടെ

നീലേശ്വരത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ജി സ്റ്റീഫന്‍ കുട്ടനെ ആണ് അറസ്റ്റ് ചെയ്തത്;

Update: 2025-11-27 07:21 GMT

കാഞ്ഞങ്ങാട്: റെയില്‍വെ സിഗ്നല്‍ കേബിള്‍ മുറിച്ച് കടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ജി സ്റ്റീഫന്‍ കുട്ടനെ(42) ആണ് ആര്‍.പി.എഫ് അറസ്റ്റ് ചെയ്തത്. നവംബര്‍ 22 ന് രാത്രി 11.40 ന് നീലേശ്വരം പാലത്തിന് സമീപത്ത് നിന്നാണ് റെയില്‍വെ സിഗ്നല്‍ കേബിള്‍ മുറിച്ച് കൊണ്ടുപോയത്. സിഗ് നല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വന്ദേ ഭാരത് എക്‌സ്പ്രസ്  നീലേശ്വരത്തും മംഗള എക്‌സ്പ്രസ് കാഞ്ഞങ്ങാട്ടും പിടിച്ചിട്ടിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നീലേശ്വരം പാളത്തിന് സമീപം റെയില്‍വെ കേബിള്‍ മുറിച്ചതായി കണ്ടെത്തിയത്. കേബിളിനുള്ളില്‍ ചെമ്പുണ്ടെങ്കില്‍ മോഷ്ടിക്കുകയായിരുന്നു സ്റ്റീഫന്റെ ലക്ഷ്യം. ചെമ്പില്ലെന്ന് മനസ്സിലായതോടെ കേബിള്‍ ഉപേക്ഷിക്കുകയായിരുന്നു. ആര്‍.പി.എഫിന്റെ ലാറ എന്ന നായ കേബിള്‍ മുറിച്ച സ്ഥലത്തുനിന്നും മണം പിടിച്ചെടുത്ത് ഒരു കിലോമീറ്ററോളം അകലെയുള്ള ജനവാസ മേഖലയിലേക്ക് പോവുകയായിരുന്നു. അവിടെ വച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കാസര്‍കോട് ആര്‍.പി.എഫ് ഇന്‍സ്‌പെക്ടര്‍ എംകെ ശശി, എസ്.ഐമാരായ ടി.വിനോദ്, എ.പി.ദീപക്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാജേഷ്, അജേഷ് എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Similar News