അന്ധതയും, അവശതയും ഉള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ സഹായിയെ കൂട്ടാം; ബാലറ്റ് യൂണിറ്റില്‍ ബ്രെയിലി ലിപിയും

ഇത്തരത്തില്‍ അനുവദിക്കുമ്പോള്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ മഷിപുരട്ടുന്നതോടൊപ്പം, സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും.;

Update: 2025-11-27 11:21 GMT

കാസര്‍കോട്: അന്ധതയോ മറ്റ് ശാരീരിക അവശതയോ ഉള്ള സമ്മതിദായകര്‍ക്ക് അവരുടെ ആഗ്രഹപ്രകാരം 18 വയസ്സിനു മുകളിലുള്ള ഒരു സഹായിയെ വോട്ട് രേഖപ്പെടുത്താന്‍ വോട്ടിങ് കമ്പാര്‍ട്ട് മെന്റിലേക്ക് ഒപ്പം കൊണ്ടുപോകാന്‍ അനുമതി നല്‍കും. സമ്മതിദായകന് പരസഹായം കൂടാതെ ബാലറ്റിംഗ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനോ, ബട്ടണ്‍ അമര്‍ത്തി വോട്ടു രേഖപ്പെടുത്തുന്നതിനോ കഴിയുന്നില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇതനുവദിക്കൂ. ഇത്തരത്തില്‍ അനുവദിക്കുമ്പോള്‍ വോട്ടറുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ മഷിപുരട്ടുന്നതോടൊപ്പം, സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മായാത്ത മഷി പുരട്ടും.

സ്ഥാനാര്‍ത്ഥിയെയും പോളിങ് ഏജന്റിനെയും ഇത്തരത്തില്‍ സഹായിയാകാന്‍ അനുവദിക്കില്ല. വോട്ടറുടെ നിരക്ഷരത സഹായിയെ അനുവദിക്കാന്‍ മതിയായ കാരണമല്ല. ഒരാളെ ഏതൊരു പോളിംഗ് സ്റ്റേഷനിലും ഒന്നിലധികം സമ്മതിദായകരുടെ സഹായിയായി പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കില്ല.

താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുമെന്നും അതേ ദിവസത്തില്‍ മറ്റേതെങ്കിലും പോളിംഗ് സ്റ്റേഷനില്‍ സഹായിയായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം സഹായി നിര്‍ദ്ദിഷ്ട ഫോറത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കണം. ഈ ഫോറം പ്രത്യേക കവറില്‍ പ്രിസൈഡിങ് ഓഫീസര്‍ വരണാധികാരിക്ക് അയച്ചുനല്‍കും.

അതുപോലെ അന്ധത/കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വയം വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ബാലറ്റ് യൂണിറ്റിന്റെ വലതു വശത്തു ബ്രെയിലി ലിപി ആലേഖനം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശതയുള്ളവരും രോഗബാധിതരും പ്രായമായവരുമായ വോട്ടര്‍മാര്‍ക്ക് ക്യൂ ഇല്ലാതെ തന്നെ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിച്ച് വോട്ടുരേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ, ഭിന്നശേഷിയുള്ള വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യം ഉറപ്പാക്കും. പോളിങ് സ്റ്റേഷനില്‍ കുടിവെള്ളം, ഇരിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Similar News