എടനീര്‍ മാറി ബദിയടുക്കയായെങ്കിലും പോരാട്ടവീര്യത്തിന് ഒട്ടും കുറവില്ല
പുനര്‍വിഭജനത്തില്‍ പഴയ എടനീര്‍ ഡിവിഷനാണ് പേര് മാറി ബദിയടുക്കയായത്;
കാസര്‍കോട്: ജില്ലാ പഞ്ചായത്തിലെ മൂന്നാം ഡിവിഷനായ ബദിയടുക്ക പട്ടിക ജാതി സംവരണമുള്ള ഡിവിഷനാണ്. പോരാട്ടം കനത്ത ഡിവിഷന്‍ തന്നെയാണ് ബദിയടുക്ക. പുനര്‍വിഭജനത്തില്‍ അതിര്‍ത്തികള്‍ മാറിയിട്ടുണ്ട്. പഴയ എടനീര്‍ ഡിവിഷനാണ് പേര് മാറി ബദിയടുക്കയായത്. ജില്ലാ പഞ്ചായത്തില്‍ ബി.ജെ.പിയുടെ കൈവശമുള്ള ഡിവിഷന്‍. ഇത്തവണ മൂന്ന് മുന്നണികളും പ്രബലരെത്തന്നെ ഇറക്കി ഡിവിഷന്‍ അരക്കിട്ട് പിടിക്കാനുള്ള തീവ്രശ്രമങ്ങളിലാണ്.
അതിനാല്‍ തന്നെ കടുത്ത പോരാട്ടം തന്നെയാവും നടക്കുക. ഡിവിഷന്‍ ഇത്തവണയും തങ്ങളുടെ കയ്യിലുണ്ടാവുമെന്ന് ബി.ജെ.പി പ്രതീക്ഷ നിറഞ്ഞ് അവകാശപ്പെടുമ്പോള്‍ പേരുമാറിയ ഡിവിഷന്‍ കൂടെ പോരുമെന്നാണ് യു.ഡി.എഫും എല്‍.ഡി.എഫും പറയുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ മൗവ്വാര്‍, കുമ്പഡാജെ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ബേള, നീര്‍ച്ചാല്‍, ബദിയടുക്ക ഡിവിഷനുകള്‍ ചേര്‍ന്നതാണ് ഈ ഡിവിഷന്‍. 57, 609 വോട്ടര്‍മാരുണ്ട്. കണക്ക് കൂട്ടി വിജയ സാധ്യത പ്രകടിപ്പിക്കുകയാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും ഒരു സമുദായത്തില്‍ നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. ഈ ഡിവിഷനിലെ ജനസംഖ്യയെടുത്താല്‍ പട്ടികജാതി വിഭാഗത്തിലേറെയും മൊഗേറ സമുദായാംഗങ്ങളാണ്. താഴേക്കിടയില്‍ നിന്ന് വിവിധ മേഖലകളിലെ ഇടപെടലുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയരായവരാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും. അതിനാല്‍ തന്നെ നിഷ്പക്ഷ വോട്ടര്‍മാര്‍ വോട്ടിടുമ്പോള്‍ തലപുകക്കും.
ഡിവിഷന്‍ പരിധിയിലുള്ള ബെള്ളൂര്‍, കുമ്പഡാജെ എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വമുണ്ട്. കാറഡുക്കയിലെ രണ്ട് വാര്‍ഡുകളും തുടര്‍ച്ചയായി ബി.ജെ.പിയുടെ കൈവശമാണ്. ബദിയടുക്കയില്‍ ഭരണം കൂടുതലും യു.ഡി.എഫിനാണെങ്കിലും വോട്ടുകണക്കില്‍ വലിയ വ്യത്യാസമുണ്ടാവാറില്ല. വോട്ടുകണക്കില്‍ എല്‍.ഡി.എഫിനും സ്വാധീനമുള്ള മേഖലയാണ്. വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്തുള്ളത്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായ രാമപ്പ മഞ്ചേശ്വരമാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി. നേരത്തെ രണ്ടുതവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പരിചയമുണ്ട്. ബദിയടുക്കയിലെ താമസക്കാരനായതിനാല്‍ നാട്ടുകാര്‍ക്ക് സുപരിചിതനാണ്. ദീര്‍ഘകാലം പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡണ്ടായിരുന്നു. മൊഗേറ സംഘത്തിന്റെ സ്ഥാപകനും രക്ഷാധികാരിയുമാണ്. ജല അതോറിറ്റിയില്‍ നിന്ന് വിരമിച്ച ശേഷം പട്ടികജാതി മേഖലയുടെ ഉന്നമനത്തിന് പ്രവര്‍ത്തിച്ച് വരുന്നു.
എല്‍.ഡി.എഫില്‍ സി.പി.ഐയിലെ പ്രകാശ് കുമ്പഡാജെയാണ് സ്ഥാനാര്‍ത്ഥി. സി.പി.ഐ ബദിയടുക്ക മണ്ഡലം കമ്മിറ്റി അംഗവും കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി.കെ.എം.യു) മണ്ഡലം നേതാവുമാണ്. ഡിവിഷനിലെ വോട്ടറെന്ന നിലയില്‍ സ്വാധീനം ചെലുത്താനാവും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കര്‍ഷകരെയും സ്വാധീനിക്കാനാവും.
യു.ഡി.എഫില്‍ മുസ്ലിംലീഗിന് നല്‍കിയ ഡിവിഷനാണിത്. ദളിത് ലീഗ് നേതാവ് ലക്ഷ്മണ പെരിയടുക്കയെയാണ് ലീഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നത്. മധൂര്‍ പഞ്ചായത്തിലെ ഷിറിബാഗിലുവില്‍ താമസിക്കുന്ന ലക്ഷ്മണക്ക് ഈ ഭാഗത്ത് കുടുംബ വേരുകളുണ്ട്. ഡിവിഷനില്‍ നല്ല സ്വാധീനമുള്ള ലീഗിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകളെല്ലാം പെട്ടിയിലാവും-ലക്ഷ്മണ നല്ല ആത്മവിശ്വാസത്തിലാണ്.