ദേശീയപാത നിര്‍മാണത്തിനിടെ ജില്ലയില്‍ മരിച്ചത് ഏഴ് തൊഴിലാളികള്‍

Update: 2025-09-12 09:05 GMT

കാസര്‍കോട്: ജില്ലയില്‍ ദേശീയപാത 66ന്റെ നിര്‍മാണപ്രവൃത്തിക്കിടെ ഇതുവരെ നഷ്ടപ്പെട്ടത് ഏഴ് തൊഴിലാളി ജീവനുകള്‍. വ്യാഴാഴ്ച മൊഗ്രാല്‍പുത്തൂരില്‍ രണ്ട് തൊഴിലാളികള്‍ ക്രെയിന്‍ ബക്കറ്റ് പൊട്ടി വീണ് മരിച്ചതുള്‍പ്പെടെ ഒന്നാം റീച്ചായ ചെങ്കള-തലപ്പാടിയില്‍ ഇതുവരെ അഞ്ച് തൊഴിലാളികളാണ് മരിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (യു.എല്‍.സി.സി.എസ്) ഇവിടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. രണ്ടും മൂന്നും റീച്ചില്‍ രണ്ട് തൊഴിലാളികളും ഇതുവരെ മരണപ്പെട്ടു. മേഘ എഞ്ചിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്ചറാണ് ഈ രണ്ട് റീച്ചുകളിലും നിര്‍മാണം നടത്തുന്നത്.

കഴിഞ്ഞ ജൂലൈ 15നാണ് മഞ്ചേശ്വരം മാടയില്‍ ദേശീയ പാതയില്‍ ലോറി ഇടിച്ച് ബിഹാര്‍ സ്വദേശി രാജ് കുമാര്‍ മാത്തൂര്‍ (25).രാജസ്ഥാന്‍ സ്വദേശി ദാമുര്‍ അമത് ഗണപതി ഭായ് (23) എന്നിവര്‍ മരിച്ചത്. യു.എല്‍.സി.സി.എസിന്റെ ക്യാമറ വിഭാഗത്തിലെ സബ് വിഭാഗം തൊഴിലാളികളായിരുന്നു ഇവര്‍. അപകടത്തില്‍ യുപി സ്വദേശി മഹിന്ദ്ര പ്രതാപ് 23ന് പരുക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ആരിക്കാടിയില്‍ ദേശീയ പാതയില്‍ ലൈറ്റ് സ്ഥാപിക്കുന്നതിനിടെ മറ്റൊരു തൊഴിലാളി ലോറിയിടിച്ച് മരിച്ചു. സെപ്തംബര്‍ 9നാണ് ചെര്‍ക്കളയില്‍ നിര്‍മാണ ജോലിക്കിടെ മേല്‍പാലത്തിന്റെ മുകളില്‍നിന്ന് വീണ് അസം കോട്ട സ്വദേശി റാഗിബുള്‍ ഹഖ്‌നേ മരിച്ചിരുന്നു. 

മെയ് 12ന് ചെറുവത്തൂര്‍ മട്ടലായിയില്‍ ദേശീയപാത നിര്‍മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് കൊല്‍ക്കത്ത സ്വദേശി മുന്‍താജ് മിര്‍ (18) മരിച്ചിരുന്നു. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ദേശീയ പാത നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ നിര്‍മാണകമ്പനികള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

Similar News