ഒടുവില്‍ ആശ്വാസം; ചെര്‍ക്കള - കല്ലടുക്ക റോഡിലെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി
ചെര്‍ക്കള-കല്ലടുക്ക റോഡില്‍ ബുധനാഴ്ച രാവിലെ നവീകരണ പ്രവൃത്തിക്ക് തുടക്കമായപ്പോള്‍
ബദിയടുക്ക: തകര്‍ന്ന് കുണ്ടും കുഴിയുമായി ദുരിതപാതയായി മാറിയ ചെര്‍ക്കള-കല്ലടുക്ക റോഡിന് ഒടുവില്‍ ശാപമോക്ഷം. കരാറുകാരന്‍ ടെന്‍ഡര്‍ ഏറ്റെടുത്തതിന് പിന്നാലെ റോഡ് നവീകരണ പ്രവൃത്തിക്ക് ബുധനാഴ്ച രാവിലെ തുടക്കമായി. റോഡിന്റെ ഒന്നാംഘട്ട നവീകരണ പ്രവൃത്തിക്കാണ് ടെന്‍ഡര്‍ നടപടികളായത്. ആദ്യഘട്ടത്തില്‍ എട്ട് ലക്ഷം രൂപ ചെലവില്‍ എടനീര്‍ മുതല്‍ ചര്‍ലടുക്ക വരെയുള്ള കുഴികള്‍ നികത്തും. രണ്ടാം ഘട്ട പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കിഫ്ബി ഫണ്ടുപയോഗിച്ച് റോഡ് നവീകരണം നടത്തുന്നതിനിടെ കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്നാണ് ചെര്‍ക്കള-കല്ലടുക്ക റോഡിലെ പ്രവൃത്തി മുടങ്ങിയത്. തകര്‍ന്ന് കുണ്ടും കുഴിയുമായി ദുരിതപാതയായി മാറിയ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന്് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു നാട്ടുകാരും നാട്ടുകാരും വാഹന യാത്രികരും ബസ് ജീവനക്കാരും. അന്തര്‍ സംസ്ഥാന പാത ആയതിനാല്‍ നിരവധി വാഹനങ്ങളാണ് നിത്യേന ഇതുവഴി കടന്നുപോകുന്നത്. ചെര്‍ക്കള മുതല്‍ ഉക്കിനടുക്ക വരെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും രൂപപ്പെട്ട കാരണം വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്. കാസര്‍കോട് നിന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് കൂടിയുള്ള പാതയാണിത്.
റോഡ് നവീകരണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ ചെര്‍ക്കള- കല്ലടുക്ക റോഡ് പ്രവൃത്തി വൈകുകയായിരുന്നു. റോഡ് താല്‍ക്കാലികമായി നവീകരിക്കാന്‍ തിരുവനന്തപുരം കെ.ആര്‍.എഫ്.ബി പ്രോജക്റ്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നു 8 ലക്ഷം രൂപയ്ക്കുളള ഭരണാനുമതി ലഭിച്ചിരുന്നു. സെപ്റ്റംബര്‍ 1ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 10ന് പ്രവൃത്തി ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ മുന്നോട്ടുവരാത്തതിനാല്‍ പ്രവൃത്തി അനിശ്ചിതത്വത്തിലാവുകയായിരുന്നു. വീണ്ടും ടെന്‍ഡര്‍ വിളിച്ചതിന് പിന്നാലെയാണ് ആദ്യഘട്ട നവീകരണ പ്രവൃത്തിക്ക് തുടക്കമായത്.
റോഡിന്റെ ദുരിതാവസ്ഥ അടിയന്തിരമായി പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ സെപ്തംബര്‍ 29 മുതല്‍ അനിശ്ചിതകാല സമരം നടത്താനുള്ള നീക്കത്തിലായിരുന്നു സ്വകാര്യ ബസ് ജീവനക്കാര്‍. ബദിയടുക്ക മേഖല പ്രൈഡ് ബസ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ പ്രസിഡണ്ട് ഹാരിസ് ബദിയടുക്ക എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കളക്ടര്‍, ആര്‍ടിഒ, കിഫ്ബി അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.