സംരക്ഷണമതില്‍ ഇടിഞ്ഞ് കിടപ്പുമുറിയുടെ ചുമര് തകര്‍ന്നു; അധ്യാപക ദമ്പതികളും പിഞ്ചുകുഞ്ഞും തലനാരിഴക്ക് രക്ഷപ്പെട്ടു
കളനാട് വില്ലേജ് ഓഫീസിന് സമീപത്തെ സാറാസ് ക്വാര്‍ട്ടേഴ്സിന്റെ മതില്‍ ഇടിഞ്ഞുവീണ് കിടപ്പുമുറിയില്‍ പതിക്കുകയായിരുന്നു;
ഇമേജ്: സാങ്കല്‍പികം
മേല്‍പ്പറമ്പ്: കനത്ത മഴയില്‍ സംരക്ഷണമതിലിന്റെ ചുമര് ഇടിഞ്ഞുവീണ് ക്വാര്‍ട്ടേഴ്സിന്റെ ചുമര് തകര്‍ന്നു. ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്ന അധ്യാപക ദമ്പതികളും ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞും തലനാരിഴക്ക് രക്ഷപ്പെട്ടു. സാമും ഭാര്യ ആല്‍ബിയും പിഞ്ചുകുഞ്ഞുമാണ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ കളനാട് വില്ലേജ് ഓഫീസിന് സമീപത്തെ സാറാസ് ക്വാര്‍ട്ടേഴ്സിന്റെ മതില്‍ ഇടിഞ്ഞുവീണ് കിടപ്പുമുറിയില്‍ പതിക്കുകയായിരുന്നു.
ക്വാര്‍ട്ടേഴ്സിന് പിറകുവശത്തെ മതിലും മണ്ണും കുത്തനെ ഇടിഞ്ഞ് ചുമരിലേക്ക് വീഴുകയായിരുന്നു. മണ്ണും മുറിയുടെ ഭിത്തി കെട്ടിയ കല്ലും മുറിയിലേക്ക് പതിക്കുകയായിരുന്നു. ഭിത്തി തകരുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് അധ്യാപക ദമ്പതികളും കുഞ്ഞും ഈ മുറിയിലുണ്ടായിരുന്നു. ആല്‍ബി കുട്ടിയേയും കൊണ്ട് അടുക്കളയിലേക്കും സാം ഹാളിലേക്കും പോയ സമയത്തായിരുന്നു അപകടം.
അപകടത്തില്‍ മുറിയിലുണ്ടായിരുന്ന രണ്ട് കട്ടിലുകളും കൂളറും കളിപ്പാട്ടങ്ങളുമടക്കം കല്ലുകള്‍ക്കടിയിലായി. ക്വാര്‍ട്ടേഴ്സിന്റെ മറ്റൊരു മുറിയില്‍ താമസിക്കുന്ന രണ്ടുപേരെ മറ്റൊരു വീട്ടിലേക്ക് മാറ്റിയ ശേഷം ഈ കുടുംബത്തെ ആ മുറിയിലേക്ക് മാറ്റി. റവന്യൂ, പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.