ഓട്ടോ സ്റ്റാന്റ് മാറ്റാന്‍ എത്തിയ കരാര്‍ ജീവനക്കാരെ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു
50ല്‍ പരം ഓട്ടോകളാണ് ഇവിടെ നിര്‍ത്തിയിടുന്നത്;
മഞ്ചേശ്വരം : നഗരത്തിലെ രാഗം ജംഗ്ഷന്‍ സര്‍വീസ് റോഡിലെ ഓട്ടോ സ്റ്റാന്റ് മാറ്റാനെത്തിയ കരാര്‍ ജീവനക്കാരെ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. മഞ്ചേശ്വരം റൈയില്‍വേ സ്റ്റേഷന് സമീപത്ത് ദേശീയപാതയിലെ രാഗം ജംഗ്ഷന്‍ സര്‍വീസ് റോഡില്‍ 50ല്‍ പരം ഓട്ടോകളാണ് റോഡരികില്‍ നിര്‍ത്തിയിടുന്നത്. ബുധനാഴ്ച രാവിലെയാണ് റോഡിലെ കരാര്‍ ജീവനക്കാര്‍ ഓട്ടോ സ്റ്റാന്‍ഡ് മാറ്റാന്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടത്.
ഓട്ടോ സ്റ്റാന്റ് മാറ്റരുതെന്നാവശ്യപ്പെട്ട് നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇതൊന്നും വിലകല്‍പ്പിക്കാതെ ജീവനക്കാര്‍ ബല പ്രയോഗത്തിലൂടെ ഓട്ടോ മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. സംഭവം ഏറെ നേരം ഉന്തിലും തല്ലിലും കലാശിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസ് രംഗം ശാന്തമാക്കുകയും കലക്ടറുടെ മറുപടി കിട്ടുന്നതുവരെ സ്റ്റാന്റ് മാറ്റരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെയാണ് എല്ലാവരും പിരിഞ്ഞു പോയത്.