ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടി തുടങ്ങി; പി.സി.കെ ഗോഡൗണുകളില്‍ നിന്ന് കീടനാശിനി വീപ്പയിലേക്ക് മാറ്റി

വീപ്പകളിലേക്ക് മാറ്റുന്ന പ്രവൃത്തി പൂര്‍ത്തിയായാല്‍ ജില്ലക്ക് പുറത്തേക്ക് കൊണ്ടുപോയി നിര്‍വീര്യമാക്കും;

Update: 2025-06-24 04:56 GMT

കാഞ്ഞങ്ങാട്: കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിര്‍വീര്യമാക്കുന്നതിന് മുന്നോടിയായി കീടനാശിനി വീപ്പകളിലേക്ക് മാറ്റുന്ന പ്രവൃത്തിക്ക് തിങ്കളാഴ്ച തുടക്കമായി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പെരിയ ഗോഡൗണില്‍ നിന്നും ചീമേനി ഗോഡൗണില്‍ നിന്നും കീടനാശിനി വീപ്പകളിലേക്ക് മാറ്റി.

പെരിയയില്‍ 700 ലിറ്ററും ചീമേനിയില്‍ കട്ടപിടിച്ച 10 കിലോ എന്‍ഡോസള്‍ഫാനുമാണ് വീപ്പകളിലേക്ക് മാറ്റിയത്. പെരിയയില്‍ എട്ട് വീപ്പകളിലായാണ് ഇത്രയും ലിറ്റര്‍ കീടനാശിനി നിറച്ചത്. രാജപുരം പി.സി.കെ ഗോഡൗണിലുള്ള 450 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ ചൊവ്വാഴ്ച വീപ്പകളിലേക്ക് മാറ്റുന്നതോടെ ജില്ലയിലെ ദൗത്യം പൂര്‍ണ്ണമാകും. പാലക്കാട് മണ്ണാര്‍ക്കാട് എസ്റ്റേറ്റിലെ 304 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. 100 ലിറ്റര്‍ വീതം ശേഷിയുള്ള ബാരലിലേക്കാണ് മാറ്റിയത്.

കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ചന്ദ്രബാബു, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഗ്രൂപ്പ് മാനേജര്‍ സജീവന്‍, സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പെരിയയിലും ചീമേനിയിലും സുരക്ഷാമുന്‍കരുതലുകളോടെ മാരക കീടനാശിനി വീപ്പകളിലേക്ക് മാറ്റിയത്. പെരിയ ഗോഡൗണില്‍ നിന്നും കീടിനാശിനി ഒഴിപ്പിക്കുന്ന നടപടി പൂര്‍ത്തിയായി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും സമരസമിതിയുടെയും ആവശ്യപ്രകാരം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത്. വീപ്പകളിലേക്ക് മാറ്റുന്ന പ്രവൃത്തി പൂര്‍ത്തിയായാല്‍ ജില്ലക്ക് പുറത്തേക്ക് കൊണ്ടുപോയി നിര്‍വീര്യമാക്കും. അടുത്ത മാസം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സിറ്റിങ്ങില്‍ സി പി സി ബി റിപ്പോര്‍ട്ട് നല്‍കും.


നിര്‍വീര്യമാക്കുന്നതിനുള്ള ചെലവ് പി.സി.കെയും സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കേണ്ടത്. കരാറെടുക്കുന്ന കമ്പനികള്‍ അവരുടെ കേന്ദ്രങ്ങളിലെത്തിച്ചാണ് എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുക. മിഞ്ചിപ്പദവിലെ പി.സി.കെ എസ്റ്റേറ്റിലുള്ള കിണറ്റില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് കര്‍ണ്ണാടകയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. രവീന്ദ്രനാഥ് ഷാന്‍ഭോഗ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡ് വിഷയത്തില്‍ ഇടപെട്ടത്.

Similar News