സ്‌കൂട്ടറിലെത്തിയ കുട്ടിയുടെ ദൃശ്യം വെച്ച് റീല്‍സാക്കി; പൊലീസുകാരന് സസ്‌പെന്‍ഷന്‍
കാഞ്ഞങ്ങാട്: ഹെല്‍മറ്റോ രേഖകളോ ആവശ്യമില്ലാത്ത ഇലക്ട്രിക്ക് സ്‌കൂട്ടറിലെത്തിയ 15 വയസ്സുകാരന്റെ ദൃശ്യം ഉപയോഗിച്ച് റീല്‍സാക്കിയ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് പരാതിക്കിടയാക്കിയ സംഭവം. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സി.പി.ഒ കെ.സജേഷിനെയാണ് ജില്ലാ പൊലീസ്് മേധാവി വിജയ് ഭാരത് റെഡ്ഡി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വാഹന പരിശോധനക്കിടെ 15 വയസ്സുകാരന്‍ 250 വാട്‌സില്‍ താഴെ കപ്പാസിറ്റിയുള്ള മോട്ടോര്‍ ഘടിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയത്. ഇത്തരം വാഹനങ്ങള്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ല. സ്‌കൂട്ടര്‍ ഓടിച്ചെത്തിയ കുട്ടിയെ തടഞ്ഞുവെക്കുകയും ഹെല്‍മറ്റ് വാങ്ങി മൂന്ന് മണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയും ചെയ്‌തെന്നാണ് പരാതി.വിദ്യാര്‍ത്ഥിയുടെ ദൃശ്യം പകര്‍ത്തി എഡിറ്റ് ചെയ്ത് ഫുട്‌ബോള്‍ കമന്ററി ചേര്‍ത്താണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ദൃശ്യം പ്രചരിച്ചതോടെ വീടിന് പുറത്തിറങ്ങാന്‍ കഴിയാതായ വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ കുടുംബം ജില്ലാ പൊലീസ് മേധാവിക്കും കൂടി പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്.