കോട്ടിക്കുളത്ത് പുരാവസ്തു ശേഖരമുണ്ടെന്ന് സംശയിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന

പഴക്കം ചെന്ന ചെമ്പുകളും ഓട്ട്, ചെമ്പ് പാത്രങ്ങളും, പഴയ വാളും ഉള്‍പ്പെടെ കണ്ടെത്തി;

Update: 2025-08-19 04:58 GMT

കാഞ്ഞങ്ങാട്: കോട്ടിക്കുളത്ത് പുരാവസ്തു ശേഖരമുണ്ടെന്ന് സംശയിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്  സമീപത്തെ പഴയ ഓടിട്ട വീട്ടിലും തൊട്ടടുത്ത മുറിയിലുമാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എം.വി. ശ്രീദാസ്, എസ്.ഐ സവ്യ സാചി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച പരിശോധന രാത്രി 11 മണി വരെ നീണ്ടുനിന്നു.

ഇവിടെ പഴക്കം ചെന്ന ചെമ്പുകളും ഓട്ട്, ചെമ്പ് പാത്രങ്ങളും, പഴയ വാളും ഉള്‍പ്പെടെ കണ്ടെത്തി. ഇതോടെ കൂടുതല്‍ പരിശോധനയ്ക്കായി വീട് സീല്‍ ചെയ്തു. വീടിനടുത്തുള്ള മുറിയിലും സാധനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അകത്ത് പാമ്പുണ്ടായിരുന്നതിനാല്‍ പരിശോധന നടത്താനായില്ല. അറബി അക്ഷരം ആലേഖനം ചെയ്ത സാധനങ്ങളും കണ്ടെത്തി. പുരാവസ്തു വിഭാഗം സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Similar News