വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവം; പ്രധാനാധ്യാപകനെതിരെ കേസ്; ഡി.ഡി.ഇ സ്‌കൂളിലെത്തി തെളിവെടുത്തു
പ്രധാനാധ്യാപകന്‍ എം അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്;
ബേഡകം: കുണ്ടംക്കുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന്‍ എം അശോകനെതിരെ ബേഡകം പൊലീസ് കേസെടുത്തു. ആഗസ്ത് 11ന് രാവിലെ 9.30 ന് സ്‌കൂളില്‍ അസംബ്ലിക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസംബ്ലിക്കിടെ ചരല്‍മണ്ണ് കാലുകൊണ്ട് നീക്കിയ കുട്ടിയെ അശോകന്‍ അടുത്തേക്ക് വിളിക്കുകയും മുഖത്തടിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
കടുത്ത ചെവി വേദനയെ തുടര്‍ന്ന് കുട്ടിയെ ആസ്പത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് കര്‍ണ്ണപുടം തകര്‍ന്നതായി വ്യക്തമായത്. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പ്രധാനാധ്യാപകനെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഡയറക്ടര്‍ ടി.വി മധുസൂദനന്‍ സ്‌കൂളിലെത്തി തെളിവെടുത്തു.
അധ്യാപകന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പറഞ്ഞു. കര്‍ണ്ണപുടം തകര്‍ന്നതിനെ തുടര്‍ന്ന് കുട്ടിയുടെ വലതുചെവിക്ക് കേള്‍വിക്കുറവ് അനുഭവപ്പെടുന്നുണ്ട്. പ്രധാനാധ്യാപകനെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും മാര്‍ച്ച് നടത്തി. അസംബ്ലിക്കിടെ കുട്ടി കാലുകൊണ്ട് ചരല്‍ നീക്കിയതാണ് പ്രകോപിപ്പിച്ചതെന്നും കുട്ടി ഒതുങ്ങി നില്‍ക്കാത്തതിനാലാണ് അടിച്ചതെന്നുമാണ് അധ്യാപകന്റെ വിശദീകരണം. കൈപ്പിഴ സംഭവിച്ചതാണെന്ന് അധ്യാപകന്‍ സമ്മതിക്കുകയും ചെയ്തു.