സീതാംഗോളിയില്‍ ഗോഡൗണില്‍ സൂക്ഷിച്ച നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

Update: 2025-08-19 05:29 GMT

കാസര്‍കോട് : സീതാംഗോളിയിലെ നെറ്റ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകിലുള്ള ഗോഡൗണില്‍ സൂക്ഷിച്ച 200 കിലോഗ്രാം തൂക്കം വരുന്ന നിരോധിത ഒറ്റത്തവണ ഉപയോഗ ഉല്‍പ്പന്നങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു. പരിശോധനയില്‍ കണ്ടെത്താതിരിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഡിസ്‌പ്ലേ വിഭാഗത്തില്‍ വയ്ക്കാതെ ആവശ്യക്കാര്‍ക്ക് പ്രോഗ്രാമുകള്‍ക്കും മറ്റും ഗോഡൗണില്‍ നിന്നും നേരിട്ട് നല്‍കുന്നതിനാണ് ഇങ്ങനെ വലിയ തോതില്‍ സൂക്ഷിച്ചിട്ടുള്ളത്. സമീപത്തെ ഹോട്ടലുകളിലും തട്ടുകടകളിലും മറ്റ് വ്യാപാരസ്ഥാപനങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തി.നിരോധിത ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുന്നതിനായി മറ്റ് പ്രദേശങ്ങളിലും ശക്തമായ പരിശോധനകള്‍ നടത്തി വരികയാണെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി മദനി പറഞ്ഞു.നിരോധിത ഉല്‍പ്പന്നങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒറ്റത്തവണ ഉപയോഗ ബയോ പ്ലേറ്റുകളും ഗ്ലാസ്സുകളും ലഭ്യമാണെങ്കിലും ചെറിയ ലാഭം മാത്രം നോക്കിയാണ് പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ദോഷകരമായ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സീതാംഗോളി ബസ് സ്റ്റോപ്പ് പരിസരത്തെ ബോട്ടില്‍ ബൂത്ത് നിറഞ്ഞതിനാല്‍ അടുത്ത ദിവസം തന്നെ എം സി എഫിലേക്ക് നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ഹരിതകര്‍മ്മ സേനയ്ക്ക് സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കി. യൂണിറ്റി ഹെല്‍ത്ത് ക്ലിനിക്കില്‍ സൂക്ഷിച്ചുവെച്ച അജൈവമാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന മുഖേന ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുന്നതിന് മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും തുടര്‍നടപടികള്‍ക്കായി ഗ്രാമപഞ്ചായത്തില്‍ അറിയിക്കുകയും ചെയ്തു.പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, സ്‌ക്വാഡ് അംഗം ശൈലേഷ് ടി സി, ക്ലാര്‍ക്ക് സന്ദേശ് എന്നിവര്‍ പങ്കെടുത്തു.

Similar News