മാവുങ്കാല്‍ സ്വദേശിയില്‍ നിന്നും സൈബര്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയ 40000ത്തിലേറെ രൂപ പൊലീസ് തിരിച്ചുപിടിച്ചു

മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് ബാബുവിന്റെ മകന്‍ ശ്രീകേഷ് കുമാറിനാണ് പണം തിരികെ കിട്ടിയത്;

Update: 2025-08-28 06:27 GMT

കാഞ്ഞങ്ങാട്: മാവുങ്കാല്‍ സ്വദേശിയില്‍ നിന്നും സൈബര്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയ 40000ത്തിലേറെ രൂപ പൊലീസ് തിരിച്ചുപിടിച്ചു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് ബാബുവിന്റെ മകന്‍ മാവുങ്കാലിലെ ശ്രീകേഷ് കുമാറിന് നഷ്ടമായ 40,478 രൂപയാണ് സൈബര്‍ പൊലീസ് തിരിച്ചുപിടിച്ചത്.

ശ്രീകേഷ് ബംഗളൂരുവില്‍ ഐ.ടി.ഐ ജീവനക്കാരനാണ്. യുവാവ് ഒരുമാസം മുമ്പ് അവധിയില്‍ നാട്ടിലേക്ക് വന്നപ്പോഴാണ് തട്ടിപ്പിനിരയായത്. ബാങ്കില്‍ നിന്നും വിളിക്കുന്നതാണെന്ന് പറഞ്ഞ് ഒരാള്‍ ശ്രീകേഷിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ഹിന്ദി ഭാഷയാണ് ഇയാള്‍ സംസാരിച്ചത്. ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ നിന്ന് വിളിക്കുകയാണെന്നും അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നതിനാണെന്നും പറഞ്ഞു. തുടര്‍ന്ന് ഒടിപി വന്നു.

ഒടിപിയുടെ സ്‌ക്രീന്‍ ഷോട്ട് അയച്ചുകൊടുത്തതിന് പിന്നാലെ ശ്രീകേഷിന്റെ എസ്.ബി.ഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം നഷ്ടമാകുകയായിരുന്നു. തട്ടിപ്പ് സംഘം വീണ്ടും വിളിച്ചപ്പോള്‍ സംശയം തോന്നിയതിനാല്‍ പിന്നീട് പണം നല്‍കിയില്ല. ശ്രീകേഷ് നല്‍കിയ പരാതിയില്‍ ഹൊസ് ദുര്‍ഗ് സൈബര്‍ സെല്‍ അന്വേഷണം നടത്തിയതോടെ പഞ്ചാബിലെ ഒരു ഫൈനാന്‍സിലേക്കാണ് പണം പോയതെന്ന് വ്യക്തമായി.

ഈ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പഞ്ചാബ് ഇലക്ട്രിസിറ്റി ബോര്‍ഡിലേക്കാണ് പണം പോയത്. ഹൊസ്ദുര്‍ഗ് പൊലീസ് പഞ്ചാബ് വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ടപ്പോള്‍ പ്രതികള്‍ വൈദ്യുതി ബില്‍ അടച്ച കണ്‍സ്യൂമര്‍ നമ്പര്‍ പഞ്ചാബിലെ ഒരു വലിയ സ്ഥാപനത്തിന്റേതാണെന്ന് വ്യക്തമായി. പണം തിരിച്ചുകൊടുത്തില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചതോടെ സ്ഥാപന അധികൃതര്‍ രാകേഷ് കുമാറിനെ ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കണമെന്നും പണം നല്‍കാമെന്നും അറിയിച്ചു. ഇത് സമ്മതിച്ചതിന് പിന്നാലെ പണം അക്കൗണ്ടില്‍ തിരികെ എത്തുകയായിരുന്നു.

Similar News