തലപ്പാടിയില്‍ കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഓട്ടോയിലേക്കും ബസ് ഇടിച്ചുകയറി; ആറ്‌ മരണം

Update: 2025-08-28 09:16 GMT

മഞ്ചേശ്വരം: തലപ്പാടിയില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സ് ഓട്ടോയിലേക്കും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഇടിച്ച് കയറി അഞ്ച് മരണം. മൂന്ന് സ്ത്രീകളും ഓട്ടോറിക്ഷ ഡ്രൈവറും പത്ത് വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ ഹൈദര്‍ അലി , നഫീസ, ആയിഷ, ഖദീജ, ഹവ്വമ്മക്കുട്ടി, ഹസ്‌ന (11) എന്നിവരാണ് മരിച്ചത് .ഇവര്‍ കെ.സി റോഡ് സ്വദേശികളാണെന്നാണ് വിവരം. അമിത വേഗത്തില്‍ വന്ന ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആദ്യം ഓട്ടോയിലിടിച്ച ബസ് , കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ മംഗലാപുരം ദേര്‍ളക്കട്ട മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മൃതദേഹങ്ങള്‍ മംഗല്‍പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റുള്ള മൃതദേഹങ്ങള്‍ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിലാണ്.

Similar News