നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിന് ഒരു വര്‍ഷം തികഞ്ഞു; ഇനിയും കുറ്റപത്രം സമര്‍പ്പിച്ചില്ല
സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ആറുപേര്‍ മരിക്കുകയും 150ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു;
കാഞ്ഞങ്ങാട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര ഉല്‍സവത്തിനിടെയുണ്ടായ വെടിക്കെട്ട് ദുരന്തത്തിന് ഒരു വര്‍ഷം തികഞ്ഞു. അലക്ഷ്യമായി വെടിക്കെട്ട് നടത്തിയതിനെ തുടര്‍ന്ന് വെടിപ്പുരക്ക് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ആറുപേരാണ് മരിച്ചത്. പൊള്ളലേറ്റ് സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 150ല്‍ അധികം പേരാണ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെയും മംഗളൂരുവിലെയും ആസ്പത്രികളിലായി ചികില്‍സയില്‍ കഴിഞ്ഞത്.
2024 ഒക്ടോബര്‍ 28ന് അര്‍ദ്ധരാത്രിയിലാണ് വെടിക്കെട്ടപകടം നടന്നത്. അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ തോറ്റം പുറപ്പാടിനിടെ ക്ഷേത്ര മതിലിനോട് ചേര്‍ന്ന് പൊട്ടിച്ച പടക്കത്തില്‍ നിന്ന് തീപ്പൊരി പടക്കം ശേഖരിച്ചുവെച്ച മുറിയില്‍ വീഴുകയും വന്‍ സ്ഫോടനമുണ്ടാവുകയും ചെയ്തു. തീഗോളത്തില്‍ പെട്ട് ഗുരുതരമായി പൊള്ളലേറ്റ ആറുപേര്‍ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണ ചുമതല ഏറ്റെടുത്ത അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് ക്ഷേത്രകമ്മിറ്റി ഭാരവാഹികളുള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസെടുത്തിരുന്നു.
അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രം പ്രസിഡണ്ട് ചന്ദ്രശേഖരന്‍, സെക്രട്ടറി കെ.ടി ഭരതന്‍, ഭാരവാഹികളായ എ വി ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, ശശി, വെടിമരുന്നിന് തീകൊളുത്തിയ രതീഷ്, കെ.വി വിജയന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇവരില്‍ നാലുപേരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് റിമാണ്ടില്‍ കഴിയുന്നതിനിടെ പിന്നീട് കോടതിയില്‍ നിന്ന് ജാമ്യവും കിട്ടി. മറ്റ് പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. സംഭവം നടന്ന് ഒരു വര്‍ഷം തികഞ്ഞിട്ടും ഈ കേസില്‍ ഇതുവരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
ബാബു പെരിങ്ങേത്ത് 30 പേരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. പിന്നീട് ചുമതലയേറ്റ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍ 30 പേരില്‍ നിന്ന് കൂടി മൊഴിയെടുത്തു. ഇനിയും ഏറെ പേരില്‍ നിന്ന് മൊഴിയെടുക്കാനുണ്ട്. പൊള്ളലേറ്റവരില്‍ പലരും ചികില്‍സയിലാണെന്നും ഇവരെ നേരില്‍ കണ്ട് മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.