ജനപ്രതിനിധികള്‍ക്കുള്ള പരീക്ഷ; ജില്ലയില്‍ വിജയിച്ചത് ഒരാള്‍ മാത്രം
പനത്തടി പഞ്ചായത്തംഗം എന്‍. വിന്‍സെന്റ് ആണ് ജയിച്ചത്;
കാഞ്ഞങ്ങാട്: ജനപ്രതിനിധികള്‍ക്കുള്ള പരീക്ഷയില്‍ ജില്ലയില്‍ നിന്നും ജയിച്ചത് ഒരാള്‍ മാത്രം. അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിര്‍വ്വഹണവും എന്ന വിഷയത്തില്‍ നടത്തിയ പരീക്ഷയില്‍ പനത്തടി പഞ്ചായത്തംഗം എന്‍. വിന്‍സെന്റ് മാത്രമാണ് ജയിച്ചത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകാലശാലയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (കില) ചേര്‍ന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍ക്കായി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തിയത്.
പ്രോഗ്രാമിന് ജില്ലയില്‍ നിന്നും 13 ജനപ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അഞ്ച് പേരാണ് പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് 79 പഠിതാക്കളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 50 പേര്‍ വിജയിച്ചു. വിജയശതമാനം 70.42 ആണ്. കിലയുടെയും സര്‍വകലാശാലയുടെയും വിദഗ്ധര്‍ തയാറാക്കിയ സിലബസ് പ്രകാരമുള്ള കോഴ്‌സില്‍ 16 ക്രെഡിറ്റോടുകൂടി മൂന്ന് തിയറി പേപ്പറുകളും ഒരു അസൈന്‍മെന്റും ഒരു പ്രോജക്ട് റിപ്പോര്‍ട്ടുമാണുള്ളത്.
പഠിതാക്കളുടെ പ്രാദേശിക ഭരണമേഖലയിലെ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ടുകള്‍ തയാറാക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ രണ്ടാമത് ബാച്ചാണ് ഇപ്പോള്‍ പരീക്ഷ എഴുതിയത്. സാക്ഷരതാ പ്രേരക് കൂടിയായിരുന്ന വിന്‍സെന്റ് കോണ്‍ഗ്രസ് പ്രതിനിധിയാണ്.