മയക്കുമരുന്ന് കേസില്‍ പിറ്റ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം ഒരാള്‍ കൂടി അറസ്റ്റില്‍
മഞ്ചേശ്വരം, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ പി.പി നിസാമുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്;
കാഞ്ഞങ്ങാട്: മയക്കുമരുന്ന് കേസില്‍ പിറ്റ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കൊളവയല്‍ ഇട്ടമ്മല്‍ സ്വദേശി പി.പി നിസാമുദ്ദീനെ(35)യാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് തടവില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ട ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. 72.73 ഗ്രാം എം.ഡി.എം.എ വില്‍പ്പനക്കായി കൈവശം വച്ചതിന് കഴിഞ്ഞ ഡിസംബറില്‍ തലപ്പാടിയില്‍ പിടിയിലായ നിസാമുദ്ദീനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് ലഹരിക്കേസുകള്‍ നിസാമുദ്ദീനെതിരെയുണ്ട്.
തുടര്‍ച്ചയായി ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തുന്ന പിറ്റ് എന്‍.ഡി.പി.എസ് നിയമപ്രകാരം കാഞ്ഞങ്ങാട് സബ് ഡിവിഷനിലെ ആദ്യ അറസ്റ്റാണിത്. ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തില്‍ ഹൊസ് ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എആര്‍ ശാര്‍ങ് ഗധരന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ പ്രകാശന്‍ എം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി.ആര്‍ സനോജ്, സി.വി ബൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.