ദേശീയപാത: നടപ്പാതകളില്‍ കാല്‍നടയാത്രക്കാരെ കാത്തിരിപ്പുണ്ട് വൈദ്യുതി പോസ്റ്റുകള്‍

Update: 2025-09-27 09:36 GMT

കാസര്‍കോട്: പാണ്ടിപ്പട എന്ന ചിത്രത്തില്‍ നായകന്‍ ദിലീപ് അവതരിപ്പിക്കുന്ന ഒരു കോമഡി രംഗമുണ്ട്. ഓടുന്നതിനിടെ നടവഴിയിലുള്ള തൂണിലിടിക്കുമ്പോള്‍ മാറ് മാറ് പോസ്റ്റേ...നിനക്ക് ചെവി കേട്ടൂടെ എന്ന് പറയുന്നൊരു രംഗം. പിന്നാലെ ദിലീപ് തൂണിലിടിച്ച് വീഴുകയും ചെയ്യുന്നു. ഏതാണ്ട് ഈ ഒരു അവസ്ഥ അനുഭവിക്കേണ്ട സ്ഥിതിയിലാണ് ദേശീയപാതയോരത്തെ കാല്‍നട യാത്രക്കാര്‍. ദേശീയപാതയുടെ ഇരുവശങ്ങളിലും സര്‍വീസ് റോഡിനോട് ചേര്‍ന്ന് മിക്കയിടങ്ങളിലും മനോഹരമായി ഇന്റര്‍ലോക്ക് പാകി നടപ്പാതകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും നടപ്പാതകള്‍ക്ക് നടുവിലാണ് വൈദ്യുതി തൂണുകളുള്ളത്. കാല്‍നട യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത രീതിയിലാണ് മിക്കയിടങ്ങളിലും നടപ്പാതയുള്ളത്.

കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി സര്‍വീസ് റോഡിനരികില്‍ നടപ്പാതകള്‍ നിര്‍മ്മിച്ചതെങ്കിലും ചിലയിടങ്ങളില്‍ യാതൊരു സുരക്ഷിതത്വവും ഇല്ലെന്നാണ് ആക്ഷേപം ഉയരുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പകരം വൈദ്യുതി തൂണുകള്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള സുരക്ഷിതത്വമാണോ നടപ്പാത വഴി ഒരുക്കിയതെന്ന് കാല്‍നട യാത്രക്കാര്‍ ചോദിക്കുന്നു. നടപ്പാതകളില്‍ മൊത്തം വൈദ്യുതി തൂണുകളും ട്രാന്‍സ്ഫോര്‍മറുകളുമാണെന്ന് കാല്‍നടയാത്രക്കാര്‍ പറയുന്നു. വൈദ്യുതി തൂണുകള്‍ സ്ഥാപിക്കുമ്പോള്‍ സൈഡില്‍ ഒതുക്കി സ്ഥാപിച്ചുവേണം നടപ്പാതകള്‍ നിര്‍മ്മിക്കേണ്ടതെന്ന് നിര്‍മ്മാണ സമയത്ത് തന്നെ സന്നദ്ധ സംഘടനകള്‍ നിര്‍മ്മാണ കമ്പനി അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നതാണ്. നടപ്പാതയുടെ നടുവിലാണ് മിക്കയിടത്തും വൈദ്യുതി തൂണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഇത്തരം സ്ഥലങ്ങളില്‍ ഇടുങ്ങിയ സര്‍വീസ് റോഡിലൂടെ വേണം നടന്നു പോകാന്‍. ഇതുവഴി ചീറി പാഞ്ഞുവരുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ദീര്‍ഘവീക്ഷണമില്ലാതെയാണ് വൈദ്യുതി തൂണുകളും നടപ്പാതകളും നിര്‍മ്മിച്ചതെന്നാണ് കാല്‍നടയാത്രക്കാരുടെ പരാതി. നടപ്പാതകളിലൂടെ കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായി നടന്നുപോകാന്‍ മുഴുവന്‍ വൈദ്യുതി തൂണുകളും ട്രാന്‍സ്ഫോര്‍മറുകളും മാറ്റിസ്ഥാപിക്കാന്‍ സംസ്ഥാന വൈദ്യുതി വകുപ്പിനും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കാല്‍നട യാത്രക്കാര്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരം മുതല്‍ നുള്ളിപ്പാടി വരെയുള്ള ഭാഗങ്ങളില്‍ നടപ്പാത പോലും ഇല്ലാത്ത അവസ്ഥയാണ്.

Similar News