ദേശീയ പാത; കാസർകോട് ജില്ലയില്‍ 70 കി. മീ പൂര്‍ത്തിയായി

Update: 2025-09-11 10:53 GMT

കാസര്‍കോട്: ദേശീയ പാത നിര്‍മാണ പ്രവൃത്തി പുരോഗതിയില്‍ സംസ്ഥാനത്ത് കാസര്‍കോട് ജില്ല രണ്ടാമത്. ജില്ലയില്‍ ആകെയുള്ള 83 കിലോ മീറ്ററില്‍ 70 കിലോ മീറ്റര്‍ പൂർത്തീകരിച്ചു.  ദേശീയപാത അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. ദേശീയപാതാ അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങണമെന്ന് മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. നിര്‍മ്മാണ പ്രവൃത്തിക്ക് തടസമുണ്ടാക്കുന്ന  പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബന്ധപ്പെട്ട ജില്ലാകളക്ടറും പോലീസ് മേധാവിയും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ ദേശീയപാത 66ല്‍ മൂന്ന് റീച്ചുകളാണുള്ളത്. ഇതില്‍ 39 കി.മീ ദൈര്‍ഘ്യമുള്ള ആദ്യ റീച്ചായ തലപ്പാടി- ചെങ്കള റീച്ച് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുനല്‍കി. ഇവിടെ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടും മൂന്നും റീച്ചായ ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളിലായി 13 കിലോമീറ്റര്‍ പ്രവൃത്തിയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. രണ്ടാം റീച്ച് 37.268 കി.മീ ദൈര്‍ഘ്യമാണുള്ളത്. മൂന്നാം റീച്ചില്‍ കാലിക്കടവ് വരെ 6.85 കി.മീറ്ററും ദൈര്‍ഘ്യമുണ്ട്. രണ്ടാം റീച്ചില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയും മൂന്നാം റീച്ചില്‍ ചെറുവത്തൂര്‍ മയിച്ച വീരമലക്കുന്ന് പരിസരത്തുമാണ് നിര്‍മാണ പ്രവൃത്തി ഏറെ വെല്ലുവിളി നേരിടുന്നത്. മറ്റിടങ്ങളിലും നിര്‍മാണ പ്രവൃത്തി പാതി വഴിയിലാണ്. രണ്ട് റീച്ചുകളിലും നിര്‍മാണ പ്രവൃത്തികള്‍ക്ക് മേഘ കണ്‍സ്ട്രക്ഷന്‍സ് ആണ് നേതൃത്വം നല്‍കുന്നത്.

സംസ്ഥാനത്ത് 17 സ്ട്രച്ചുകളിലായി മൊത്തം 642 കിലോമീറ്റര്‍ റോഡിന്റെ പൂര്‍ത്തീകരണ തീയതിയും യോഗത്തില്‍ ചര്‍ച്ചയായി. 480 കിലോമീറ്റര്‍ 2025 ഡിസംബറോടെ പൂര്‍ത്തിയാകും. ആകെ 560 കിലോമീറ്റര്‍ 2026 മാര്‍ച്ചിലും പൂര്‍ത്തിയാകും. കാസര്‍കോട് ജില്ലയില്‍ 83 കിലോമീറ്ററില്‍ 70 കിലോമീറ്റര്‍ പൂര്‍ത്തിയായി. കണ്ണൂര്‍ 65 ല്‍ 48 കി.മീ, കോഴിക്കോട് 69 ല്‍ 55 കി.മീ, മലപ്പുറം 77 ല്‍ 76 കി.മീ, തൃശ്ശൂരില്‍ 62 ല്‍ 42 കി.മീ, എറണാകുളം 26 ല്‍ 9 കി.മീ, ആലപ്പുഴ 95 ല്‍ 34 കി.മീ, കൊല്ലം 56 ല്‍ 24 കി.മീ, തീരുവനന്തപുരം 30 കിലോമീറ്ററില്‍ 5 കി.മീ എന്നിങ്ങനെയാണ് പ്രവൃത്തി പുരോഗതി.

Similar News